സ്വപ്‌നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം തിരിച്ചുനല്‍കില്ല; പിഡബ്ല്യുസി

19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നല്‍കിയ ശമ്പളം തിരികെ നല്‍കാന്‍ കഴിയില്ലെന്ന്പ്രൈസ്‌
വാട്ടര്‍ കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ (കെഎസ്‌ഐടിഐഎല്‍) അറിയിച്ചു. സ്വപ്നയ്ക്കു നല്‍കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐടിഐഎല്‍ നല്‍കിയ കത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. തുക തിരിച്ചു പിടിക്കുന്നതിന് കെഎസ്‌ഐടിഐഎല്‍ നിയമോപദേശം തേടിയിട്ടുണ്ട്. 

സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കാന്‍ കെഎസ്‌ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം.ശിവശങ്കര്‍, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്‌പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

സ്വപ്ന സുരേഷ് ജോലിക്കായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് അറിയാമായിരുന്നെന്നും അപേക്ഷിക്കുകയോ അഭിമുഖത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെയാണ് സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതെന്നു സ്വപ്നയും വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com