നീണ്ട 30 വർഷം, മുന്ന കൊലക്കേസിൽ നിർണായക തെളിവായി ഫംഗസ് കയറിയ വിഡിയോ കാസറ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 02:51 PM  |  

Last Updated: 22nd April 2022 02:55 PM  |   A+A-   |  

CBI-3

പ്രതീകാത്മക ചിത്രം

 

കൊച്ചി: 30 വർഷം പഴക്കമുള്ള കൊലപാതക കേസിൽ നിർണായക തെളിവായി മാറിയിരിക്കുകയാണ് ഫംഗസ് കയറിയ ഒരു വിഡിയോ കാസറ്റ്. പാലക്കാട് ശ്രീകൃഷ്ണപുരത്തെ അബ്കാരി കരാറുകാരൻ കെ ജി മുന്ന കൊലക്കേസിലാണ് സിബിഐയുടെ നിർണായക തെളിവായി കാസറ്റ് മാറിയത്. 

സിആർപിസി സെക്ഷൻ 161 പ്രകാരം പ്രധാന ദൃക്‌സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയ ഉള്ളടക്കമാണ് വീണ്ടെടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. "വർഷങ്ങളായി വിദേശത്ത് കഴിയുന്ന ദൃക്‌സാക്ഷിയുടെ മൊഴി ഏറെ പരിശ്രമത്തിനൊടുവിലാണ് ശേഖരിച്ചത്. 2004 ഒക്‌ടോബർ 31-ന് ഒരു സിബിഐ ഉദ്യോഗസ്ഥൻ ഖത്തറിൽ പോയി ഇന്ത്യൻ എംബസി ഓഫീസിൽ വച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. സാക്ഷി അറിയാതെ ഈ വിസ്താരം വീഡിയോ കാസറ്റിൽ പകർത്തി കോടതിയിൽ ഹാജരാക്കി. താൻ മുന്നയെ അനുഗമിച്ചിട്ടുണ്ടെന്നും സംഭവത്തിന് മുഴുവൻ താൻ സാക്ഷിയായിരുന്നെന്നും സാക്ഷി അന്ന് മൊഴി നൽകിയിരുന്നു. 2022 മാർച്ച് 28ന് നടന്ന വിസ്താരത്തിനിടെ സാക്ഷി കൂറുമാറിയതിനെത്തുടർന്ന് കാസറ്റിലെ തെളിവുകൾ കേസിൽ സുപ്രധാനമായി മാറി", സിബിഐ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. 

ഏപ്രിൽ 11ന് സിബിഐ പ്രത്യേക കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിന് ശേഷം കാസറ്റിലെ ഉള്ളടക്കം വീണ്ടെടുക്കാനുള്ള നടപടിക്രമങ്ങൾ സിബിഐ ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വിഡിയോ കാസറ്റിലെ ഉള്ളടക്കം തെളിവായി കണക്കാക്കൻ കഴിയില്ലെന്ന പ്രതിയുടെ എതിർപ്പ് വകവയ്ക്കാതെയാണ് വിവരങ്ങൾ വീണ്ടെടുക്കാൻ കോടതി അനുമതി നൽകിയത്. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വച്ച് സിബിഐ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തെന്നും എംബസി ഓഫീസറുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തിയെന്നും സാക്ഷി കോടതിയിൽ സമ്മതിച്ചു. എന്നാൽ ഇത് നിർബന്ധത്തിന് വഴങ്ങി താൻ തൽകിയ മൊഴിയാണെന്നാണ് ഇയാൾ പറയുന്നത്. 

1992 ഏപ്രിൽ 11നാണ് മുന്നയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ അംബാസിഡർ കാറിൽ കണ്ടത്. സ്പിരിറ്റ്  ഉപയോഗിച്ച് കത്തിച്ച മൃതദേഹം കാറിന്റെ ഇടതുവശത്തെ മുൻ സീറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കൊലക്കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ മുൻ എംഎൽഎയും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 21 പ്രതികളെ സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു. ബിസിനസ് വൈരാഗ്യത്തെ തുടർന്ന് മുൻ എംഎൽഎ പി കുമാരന്റെ സഹോദരനും മദ്യവ്യവസായിയുമായ പി വിജയൻ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ.