മഹാ കുബേര യാഗത്തിന്റെ ചടങ്ങുകള്‍ സമാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2022 09:19 PM |
Last Updated: 23rd April 2022 09:19 PM | A+A A- |

മഹാ കുബേര യാഗത്തില്‍ നിന്ന്
പാലക്കാട്: ഏഴു ദിവസങ്ങങ്ങളിലായി ചളവറയില്‍ നടന്നു വന്ന മഹാ കുബേരയാഗത്തിന്റെ വൈദിക ചടങ്ങുകള്‍ സമാപിച്ചു. ഞായറാഴ്ച ഭക്തര്‍ക്ക് യാഗശാലയില്‍ കുബേര ദര്‍ശനത്തിനും, പ്രസാദമായി യാഗഭസ്മവും രാവിലെ 6 മുതല്‍ ലഭിക്കും. ഇടവിട്ട മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് യാഗശാലയിലെത്തിയത്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ 8 ലക്ഷത്തോളം പേരാണ് കൊച്ചുഗ്രാമമായ ചളവറയിലെത്തിയത്.
യാഗശാലയില്‍ മാത്രമല്ല പാലാട്ട് പാലസിലെ കുബേര ക്ഷേത്രത്തിലും മണിക്കൂറുകളോളം ക്യൂ നിന്നാണ് പലര്‍ക്കും ദര്‍ശനം ലഭിച്ചത്. യജ്ഞാചാര്യന്‍ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ രാവിലെ 5ന് ആരംഭിച്ച യാഗ ചടങ്ങുകളില്‍ ഗണേശ വൈശ്രവണ ഹോമം, ദ്വാദശാഗ്‌നിഹോത്രം, വൈദിക ആഹുതികള്‍ നവനിധിന്യാസം യജ്ഞ പൂര്‍ണ്ണാഹുതി, വസോര്‍ ധാര, അവ ഭൃത സ്‌നാനം തുടങ്ങിയ ചടങ്ങുകള്‍ ഉച്ചക്ക് ഒരു മണിയോടെ പൂര്‍ത്തിയായി.
രാത്രി 8 മണിക്ക് ധ്വജാവരോഹണത്തോടെ നൂറിലധികം വൈദിക പണ്ഡിതരുടെ പങ്കാളിത്തത്തോടെയും കൂടി 700 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന മഹാ കുബേരയാഗത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. യാഗം രക്ഷപുരുഷന്‍ ഡോ. ടി.പി. ജയകൃഷ്ണന്‍, യജമാനന്‍ ജിതില്‍ ജയകൃഷ്ണന്‍, യജമാന പത്‌നി ദുര്‍ഗ്ഗ ജിതിന്‍, തുടങ്ങിയവരും ചടങ്ങില്‍ മുഴുവന്‍ സമയവും പങ്കാളികളായിരുന്നു. കേരള ഹൈക്കോടതി ജഡ്ജ് പി.സോമരാജന്‍, ബി.ജെ.പി നേതാവ് ടി.ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരും ഏഴാദിനത്തില്‍ യാഗശാലയിലെത്തിയിരുന്നു.