ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകി, ഇത് 'കേരള യൂണിവേഴ്സിറ്റി മോഡൽ'; അബദ്ധം അറിഞ്ഞത് മൂല്യനിർണയത്തിനിടെ
By സമകാലിക മലയാളം ഡെസ്ക് | Published: 25th April 2022 09:06 AM |
Last Updated: 25th April 2022 09:06 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം; ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകി പരീക്ഷ നടത്തി കേരള സർവകലാശാല. ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയിലാണ് വിദ്യാർഥികൾക്ക് ചോദ്യപേപ്പറിന് പകരമായി ഉത്തരം തന്നെ നൽകിയത്. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് സംഭവിച്ച അബന്ധം പുറത്തുവരുന്നത്.
'സിഗ്നൽസ് ആൻഡ് സിസ്റ്റംസ്' എന്ന വിഷയത്തിന്റെ ചോദ്യപേപ്പറാണ് മാറിപ്പോയത്. പരീക്ഷ കൺട്രോളറുടെ ഓഫിസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം. ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകൻ ചോദ്യപേപ്പറിനൊപ്പം ഉത്തരസൂചികയും സർവകലാശാലക്ക് അയച്ചുകൊടുക്കും. എന്നാൽ ഇത് ശ്രദ്ധിക്കാതെ പരീക്ഷ കൺട്രോളറുടെ ഓഫിസിൽ നിന്ന് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക പ്രിന്റ് ചെയ്ത് അയക്കുകയായിരുന്നു.
മൂല്യനിർണയത്തിനായി ഉത്തരക്കടലാസിനോടൊപ്പം ഉത്തര സൂചിക പരീക്ഷ കൺട്രോളറുടെ ഓഫിസിൽ നിന്ന് അയച്ചുകൊടുത്തിരുന്നു. ചോദ്യപേപ്പർ കൂടി അയച്ചുതരാൻ മൂല്യനിർണയം നടത്തുന്ന അധ്യാപകൻ പരീക്ഷ കൺട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച ശ്രദ്ധയിൽപെട്ടത്. എന്നാൽ ഇതേവരെ സർവകലാശാല, പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞവർഷത്തെ ചോദ്യപേപ്പർ ഈ വർഷവും ആവർത്തിച്ച സംഭവം പുറത്തുവന്നതും അടുത്തിടെയാണ്.