പതിവായി വൈകിയാൽ പണി കിട്ടും; സർക്കാർ ഓഫീസിലെ പഞ്ചിങ് ശമ്പള സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കാൻ നിർദ്ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 08:35 AM  |  

Last Updated: 26th April 2022 08:35 AM  |   A+A-   |  

government office

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം ശമ്പള സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. സെക്രട്ടേറിയറ്റിലടക്കം ജീവനക്കാരുടെ ഹാജർ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വകുപ്പു മേധാവികൾ ഇക്കാര്യം ഉറപ്പാക്കണമെന്നാണ് നിർദേശം. 

എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ‍പലയിടത്തും ഇത് ഫലപ്രദമായി നടപ്പായിട്ടില്ല. അതിൽ തന്നെ മിക്ക ‌ഓഫീസുകളിലും പഞ്ചിങ് ശമ്പള സോഫ്റ്റ്‌വെയറായ ‘സ്പാർക്കു’മായി ബന്ധിപ്പിച്ചിട്ടുമില്ല. വൈകിയെത്തുന്നവർക്കും നേരത്തേ പോകുന്നവർക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവർക്കും മേലുദ്യോഗസ്ഥർ എതിർത്തില്ലെങ്കിൽ നിലവിൽ അതു ശമ്പളത്തെ ബാധിക്കുന്നില്ല. കൃത്യമായി പഞ്ച് ചെയ്തില്ലെങ്കിലും ജീവനക്കാരുടെ അവധിയെയോ ശമ്പളത്തെയോ അത് ബാധിക്കുന്നില്ല.

രാവിലെയും വൈകിട്ടുമായി ഓരോ മാസവും അനുവദിച്ചിട്ടുള്ള സമയ ഇളവിന്റെ പരിധി കഴിഞ്ഞാൽ അവധിയായി കണക്കാക്കാനാണ് പുതിയ തീരുമാനം. അവധി പരിധിവിട്ടാൽ ശമ്പളം പോകും. ഒരു മാസം 300 മിനിറ്റ് ഗ്രേസ് ടൈം ലഭിക്കും. ഒരു ദിവസം പരമാവധി 60 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒരു മാസം 16 മുതൽ അടുത്ത മാസം 15 വരെയാകും ഗ്രേസ് ടൈം കണക്കാക്കുക. ഗ്രേസ് ടൈം ഉപയോഗിച്ചുകഴിഞ്ഞ ശേഷവും താമസിച്ചുവരികയും നേരത്തേ പോകുകയും ചെയ്താൽ അനധികൃമായി ഹാജരാകാതിരുന്നതായി കണക്കാക്കി ആ ദിവസത്തെ ശമ്പളം കുറയ്ക്കും. 

ഒരുദിവസം 7 മണിക്കൂർ ആണു ജോലി സമയം. ഒരു മാസം 10 മണിക്കൂറിലേറെ അധിക ജോലി ചെയ്താൽ ഒരു ദിവസം കോംപൻസേറ്ററി ഓഫ്. 
അവധി അപേക്ഷകൾ സ്പാർക്കിലൂടെ നൽകണം. ഇല്ലെങ്കിൽ അനധികൃതമായി ഹാജരാകാതിരുന്നതായി കണക്കാക്കി ശമ്പളം കുറയ്ക്കും. പിന്നീട് ഈ ദിവസത്തേക്ക് അവധി അപേക്ഷിച്ചാൽ ശമ്പളം തിരികെ ലഭിക്കും. ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് അവധിയായി ക്രമീകരിക്കാനേ കഴിയൂ.