കെ സുധാകരന് കനത്ത തിരിച്ചടി; നടപടി പേരിന് മാത്രം; കെ വി തോമസിനെ 'സംരക്ഷിച്ച്' ഹൈക്കമാന്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 10:33 AM  |  

Last Updated: 27th April 2022 10:33 AM  |   A+A-   |  

kv_thomas

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ വിലക്ക് ലംഘിച്ച് പങ്കെടുത്ത കെ വി തോമസിന് അച്ചടക്ക നടപടി താക്കീതില്‍ ഒതുക്കിയത് കെപിസിസി നേതൃത്വത്തിന് കനത്ത തിരിച്ചടി. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പരിപാടിയില്‍ പങ്കെടുത്ത കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നത്. പാര്‍ട്ടി തീരുമാനം ലംഘിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്ന് കെ സുധാകരന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.

എന്നാല്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി, കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക എന്ന കടുത്ത നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് എന്ന പരിഗണന വെച്ച് സസ്‌പെന്‍ഷനും വേണ്ടെന്ന് വെച്ചു. പകരം താക്കീതും, തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നും നീക്കുകയും ചെയ്യുക എന്ന ശുപാര്‍ശയാണ് സോണിയാഗാന്ധിക്ക് കൈമാറിയത്. ഇതനുസരിച്ച് കെപിസിസി നിര്‍വാഹക സമിതി, രാഷ്ട്രീയകാര്യസമിതി തുടങ്ങിയവയില്‍ നിന്നും പുറത്താകും. അതേസമയം എഐസിസി അംഗമായി തുടരുകയും ചെയ്യും. 

സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എഐസിസി അംഗത്വം സാങ്കേതികം മാത്രമാണെന്നാണ്, എഐസിസിയില്‍ നിലനിര്‍ത്തിയതിന് വിശദീകരണം നല്‍കിയിട്ടുള്ളത്. അതേസമയം സംസ്ഥാന കോണ്‍ഗ്രസിന്റെ പരിപാടികളില്‍ കെ വി തോമസിന് ഇനി സ്ഥാനം ഉണ്ടാകുകയുമില്ല. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ എറണാകുളത്ത് നിന്നും അഞ്ചു തവണ എംപിയായ കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കുമോ എന്ന ആശങ്കയും അച്ചടക്ക സമിതി തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. 

അച്ചടക്ക നടപടിയെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരണത്തിനില്ലെന്നും കെ വി തോമസ് പറഞ്ഞു. തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി അദ്ധ്യക്ഷയാണ്.  പദവികള്‍ എന്നത് മേശയും കസേരയുമാണ്. അത് മാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ല. കണ്ണൂരില്‍ കാല് കുത്തിയാല്‍ കാല് കാണില്ലെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു.

കെ വി തോമസിനെ സിപിഎം കൈവിടില്ല, പാര്‍ട്ടി അഭയം നല്‍കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെയും കെ വി തോമസ് തള്ളി. വീടില്ലാത്തവര്‍ക്കാണ് അഭയം വേണ്ടത്. താനിപ്പോഴും കോണ്‍ഗ്രസ് എന്ന വീട്ടിലാണ്. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതിന് എന്തിന് അപമാനം തോന്നണമെന്നും കെ വി തോമസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

പൊലീസ് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു പോയി; യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ