തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഹൈഡ്രജൻ കാറായ ടൊയോട്ട മിറായ് കേരളത്തിൽ രജിസ്റ്റർ ചെയ്തു. ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള പഠനവും പരീക്ഷണ ഓട്ടവുമാണ് നടക്കുന്നത്. ഗതാഗതവകുപ്പിന് കീഴിലുള്ള ശ്രീചിത്രതിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർത്ഥികളുടെ പഠനത്തിനാണ് കാർ നൽകിയത്. സംസ്ഥാന സർക്കാരും ടൊയോട്ടയും തമ്മിലുള്ള കരാർ പ്രകാരമാണിത്.
കാർബൺ ബഹിർഗമനം കുറഞ്ഞ ഹൈഡ്രജൻ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കെഎൽ 1 സിയു 7610 വാഹനം ഉടൻ കോളജ് അധികൃതർക്ക് കൈമാറും. പ്രത്യേക ഉത്തരവിലൂടെയാണ് കാർ രജിസ്റ്റർ ചെയ്തത്. വാഹന നികുതിയില്ലാതെ ഓൺലൈനായാണ് കാറിന്റെ രജിസ്ട്രേഷൻ നടത്തിയത്.
ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തന രീതി. കാറിന്റെ പിന്നിൽ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലാണ് ഹൈഡ്രജൻ സംഭരിക്കുന്നത്. ഹൈ പ്രഷർ ഹൈഡ്രജൻ ഫ്യുവൽ ടാങ്കാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. മുൻവശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും ടാങ്കിൽ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേർന്നാണ് വാഹനം ഓടുന്നത്. എൻജിൻ പ്രവർത്തിക്കുമ്പോൾ മാലിന്യമായി പുറത്തുവരുന്നത് വെള്ളമാണ്.
1.1 കോടി രൂപയോളമാണ് കാറിന്റെ വിപണി വില. ഇലക്‌ട്രിക് വാഹനങ്ങൾക്ക് സമാനമായ പച്ച നമ്പർ പ്ലേറ്റാണ് കാറിനുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates