'ഞാന്‍ വികസന പദ്ധതികള്‍ക്കൊപ്പം'; അച്ചടക്ക നടപടിക്ക് പിന്നാലെ കെ റെയിലിനെ അനുകൂലിച്ച് വീണ്ടും കെ വി തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 12:01 PM  |  

Last Updated: 29th April 2022 12:01 PM  |   A+A-   |  

kv thomas

കെ വി തോമസ് / ഫയല്‍ ചിത്രം

 

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. താന്‍ വികസന പദ്ധതികള്‍ക്കൊപ്പമാണ്. വികസനപദ്ധതികള്‍ നാടിനാവശ്യമാണ്. കെ റെയില്‍ പദ്ധതിയെ അന്ധമായി എതിര്‍ക്കരുത്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയാണ് വേണ്ടതെന്നും കെ വി തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അച്ചടക്ക നടപടി എടുത്തതായി തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. കെപിസിസി പദവികളില്‍ നിന്നും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുമാണ് നീക്കിയത്. കെപിസിസി അംഗത്വത്തില്‍ നിന്ന് നീക്കിയിട്ടില്ല. എഐസിസി അംഗമായി തുടരുകയാണെന്നും കെ വി തോമസ് പറഞ്ഞു. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിനോട് താന്‍ അനുമതി തേടിയിരുന്നു. ശശി തൂരിനോടും പോകരുതെന്നാണ് പറഞ്ഞിട്ടുള്ളതെന്നും മാഷും പോകരുതെന്നും തന്നോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പങ്കെടുക്കില്ലെന്ന് സോണിയയെയും യെച്ചൂരിയെയും സിപിഎം നേതാക്കളെയും അറിയിച്ചു. 

എന്നാല്‍ തനിക്കെതിരെ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ കടുത്ത രീതിയിലാണ് പെരുമാറിയത്. തെറ്റായ പദപ്രയോഗങ്ങള്‍ നടത്തി. കടുത്ത ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. താന്‍ മാത്രമല്ല, മുമ്പ് പല നേതാക്കളും സിപിഎം പരിപാടികള്‍ പങ്കെടുത്തിട്ടുണ്ട്. തന്നോടു മാത്രം ഇത്തരത്തില്‍ പെരുമാറുന്നത് മര്യാദകേടായി തനിക്ക് തോന്നിയെന്ന് കെ വി തോമസ് പറഞ്ഞു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമോ എന്നതില്‍ തീരുമാനിച്ചിട്ടില്ല. താന്‍ കോണ്‍ഗ്രസുകാരനായി തുടരും. കെ വി തോമസിനെ സിപിഎം സംരക്ഷിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ പാര്‍ട്ടി വിടുമെന്ന് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു പ്രതികരണം. താനോ, തന്റെ കുടുംബത്തില്‍ നിന്നും ആരും തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും കെ വി തോമസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

5 ഇടങ്ങളില്‍ വെച്ച് പീഡനം; വിജയ് ബാബുവിന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ