കോവിഡ് കുറഞ്ഞു, ഇനിയും പരോളില്‍ തുടരാനാവില്ല; തടവുകാര്‍ ജയിലുകളിലേക്കു മടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th April 2022 02:18 PM |
Last Updated: 29th April 2022 02:18 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിലെ ജയിലുകളില്‍നിന്ന് പരോളില്‍ പുറത്തിറങ്ങിയവര്‍ രണ്ടാഴ്ചയ്ക്കകം മടങ്ങണമെന്ന് സുപ്രീം കോടതി. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരോള്‍ നീട്ടണമെന്ന, തടവുകാരുടെ ആവശ്യം കോടതി തള്ളി.
കോവിഡ് സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും സാധാരണഗതിയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. തടവുകാര്‍ രണ്ടാഴ്ചയ്ക്കകം ജയിലുകളിലേക്കു മടങ്ങണം. അതിനകം സര്‍ക്കാര്‍ ഇവരെ പാര്‍പ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
രാജ്യത്ത് കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ജയിലുകളിലെ സ്ഥിതി വിലയിരുത്താന്‍ ഉന്നതാധികാര സമിതിയെ നിയമിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ പത്തു വര്‍ഷത്തിലേറെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ പരോളില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഇവരോടു മടങ്ങിയെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ പരോള്‍ തുടരാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇങ്ങനെ പരോളില്‍ തുടര്‍ന്നുവരുന്നവരോടാണ് മടങ്ങിയെത്താന്‍ ഇന്നു കോടതി നിര്‍ദേശിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഉരുണ്ടെത്തിയ കൂറ്റന്‍ പാറയില്‍ തട്ടി ബൈക്കും യാത്രക്കാരനും ചുരത്തിന് താഴേക്ക്, ദൃശ്യങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ