വിജയ് ബാബു ദുബൈയിലേക്ക് കടന്നത് ബംഗളൂരു വഴി; കീഴടങ്ങാതെ മറ്റു വഴികളില്ലെന്ന് കമ്മീഷണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 10:44 AM  |  

Last Updated: 29th April 2022 10:44 AM  |   A+A-   |  

VIJAY BABU

വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക്

 

കൊച്ചി: ബലാത്സംഗം കേസില്‍ നടന്‍ വിജയ് ബാബു ദുബൈയിലേക്ക് കടന്നത് ബംഗളൂരു വഴിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നുകളഞ്ഞത്. കീഴടങ്ങാതെ നടന് മറ്റു വഴികളില്ലെന്നും നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഓരോ നിമിഷവും തെളിയുന്നതെന്നും നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ നടന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 

ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. 5 ഇടങ്ങളില്‍ പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന് തെളിവ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. അതിനിടെ, വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിക്കും. 

ഏപ്രില്‍ 24നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ഇയാള്‍ ഗോവയിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സംഘം അവിടെ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിന് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

 

5 ഇടങ്ങളില്‍ വെച്ച് പീഡനം; വിജയ് ബാബുവിന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ