കളമശ്ശേരി ബസ് കത്തിക്കൽ: പ്രതികൾക്കുള്ള ശിക്ഷ ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st August 2022 07:46 AM |
Last Updated: 01st August 2022 07:46 AM | A+A A- |

ഫയൽ ചിത്രം
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തീരുമാനിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതിനാൽ വിചാരണ പൂർത്തിയാക്കാതെയാണ് ശിക്ഷ വിധിക്കുന്നത്. തടിയൻറവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കേസിലെ കുറ്റക്കാർ.
2005 സെപ്റ്റംബർ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് രാത്രി 9.30ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് പ്രതികൾ ബസ് കത്തിക്കുന്നത്.
2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്. നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. മഅ്ദനിയുടെ ഭാര്യ സൂഫിയ കേസിൽ പത്താം പ്രതിയാണ്. കേസിലെ 11 പ്രതികളിൽ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു. അഞ്ചാം പ്രതിയായ കെ.എ. അനൂപിന് കഴിഞ്ഞ വർഷം ജൂലൈയിൽ ആറ് വർഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികൾ പല കേസുകളിലായി തടവിൽ തുടരുന്നതാണ് വിചാരണ വൈകാൻ ഇടയാക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമ്പർക്കപ്പട്ടികയിൽ 15 പേർ, നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാൻ പോയി; മങ്കിപോക്സ് പരിശോധനാ ഫലം ഇന്ന്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ