ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ചിടത്ത് റെഡ് അലർട്ട്; ഷട്ടറുകൾ തുറന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 07:27 PM  |  

Last Updated: 01st August 2022 07:27 PM  |   A+A-   |  

Peringalkuth dam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  

മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്‍റീ മീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 140 സെന്‍റീ മീറ്റർ ഉയർത്തി. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 30 സെന്‍റി മീറ്റർ വീതം ഉയർത്തി. പമ്പാ തീരത്ത് ജാഗ്രതാനിർദേശം നൽകി. 

പെരിങ്ങലി‍ക്കുത്ത് ഡാമിന്‍റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും.  ഇടുക്കി കുണ്ടള ഡാമിന്‍റെ അഞ്ച് ഷട്ടറുകൾ നാളെ തുറക്കും. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വീണ്ടും വെള്ളം കൊണ്ടുപോകാൻ തുടങ്ങി. 

സംസ്ഥാനത്തെ വലിയ ഡാമുകൾ തുറന്ന് വിടേണ്ട അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കി വിടുമെന്നും അദ്ദേഹം അറിയിച്ചു.

ജലസേചന വകുപ്പിന് കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍ നിന്നു വെള്ളം പുറത്ത് വിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുള്ളതാണെനനും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

2018ലെ അനുഭവം മുന്നില്‍ കണ്ട് മുന്‍കരുതല്‍ ശക്തമാക്കി, വലിയ ഡാമുകള്‍ തുറന്നുവിടേണ്ട അവസ്ഥയില്ല; മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ