കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും; ജാഗ്രതാ നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd August 2022 04:36 PM |
Last Updated: 02nd August 2022 04:36 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കേരള തീരത്ത് മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് മുന്നറിപ്പ് നല്‍കിയത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.
കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്‌നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ & മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ വ്യാഴാഴ്ച വരെയും കര്‍ണാടക തീരങ്ങളില്‍ ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
കൂടുതല്‍ മഴ തൃശൂരില്‍; നാലിടത്ത് പെയ്തത് അതിതീവ്ര മഴ; മുന്നറിയിപ്പില്‍ മാറ്റം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ