അരയാള്‍ താഴ്ചയില്‍ ഗര്‍ത്തം; മൂവാറ്റുപുഴ പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd August 2022 11:11 AM |
Last Updated: 03rd August 2022 11:11 AM | A+A A- |

മൂവാറ്റുപുഴ പാലത്തിന് സമീപം രൂപപ്പെട്ട ഗര്‍ത്തം
മൂവാറ്റുപുഴ: അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. എംസി റോഡില്‍ മൂവാറ്റുപുഴ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. അരയാള്‍ താഴ്ചയിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. സുരക്ഷ കണക്കിലെടുത്താണ് പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചത്. ഇതോടെ മൂവാറ്റുപുഴ ടൗണില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഇന്നലെ വൈകീട്ടാണ് കനത്തമഴയില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാവിലെയോടെയാണ് പൂര്‍ണമായി പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചത്. സുരക്ഷ കണക്കിലെടുത്താണ് നടപടി. അരയാള്‍ താഴ്ചയിലാണ് കുഴി രൂപപ്പെട്ടത്. കോട്ടയം ഭാഗത്ത് നിന്ന് വാഹനങ്ങള്‍ വരുന്ന ഭാഗത്താണ് പാലം. പി ഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയാണ്.
പുഴയിലേക്ക് മണ്ണ് ഒലിച്ചുപോയതാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുഴിയില്‍ ബിഎസ്എന്‍എല്ലിന്റെ കോണ്‍ക്രീറ്റ് നിര്‍മ്മിതിയുണ്ട്. ഇത് ഇടിഞ്ഞുപോയതാകാമെന്ന വിലയിരുത്തലുമുണ്ട്. വിദഗ്ധ പരിശോധനയില്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.
ഉച്ചയോടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ മൂവാറ്റുപുഴയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പഴയ പാലം വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഒരു ഭാഗത്തേയ്ക്ക് മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മറ്റുവഴികളിലൂടെയാണ് തിരിച്ചുവിടുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ജലനിരപ്പ് 2375.53 അടിയായി ഉയര്‍ന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ