കേന്ദ്രം കരാറുകാരെ ഭയക്കുന്നത് എന്തിന്? പേരും നമ്പറും പുറത്തുവിടണം: മുഹമ്മദ് റിയാസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 01:00 PM  |  

Last Updated: 06th August 2022 01:13 PM  |   A+A-   |  

riyas

പിഎ മുഹമ്മദ് റിയാസ്

 

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ പൊതുമരാമത്ത് വകുപ്പ് വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ദേശീയ പാതാ അതോറിറ്റി എന്തിനാണ്  കരാറുകാരെ ഭയക്കുന്നതെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു.

ദേശീയപാതയിലെ പ്രശ്‌നത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവും. ഇത്തരം കരാറുകാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണം. നമ്പറും പേരും സഹിതം പുറത്തുവിടാന്‍ തയ്യാറാവണം. ഇത്തരക്കാരെ എന്തിനാണ് കേന്ദ്രം മറച്ചുവയ്ക്കുന്നതെന്ന് റിയാസ് ചോദിച്ചു. ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം. കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണം. 

നെടുമ്പാശ്ശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. കഴക്കൂട്ടം ഫ്ലൈ ഓവർ കേരള പിറവി ദിനമായ നവംബർ ഒന്നിനു തുറക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ