ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചു.

ഏറെക്കാലം സിപിഎമ്മിന്റെ സന്തതസഹചാരിയായിരുന്ന അദ്ദേഹം പിന്നീട് കേരളത്തിലെ പാര്‍ട്ടിയോട് അകല്‍ച്ചപാലിക്കുകയായിരുന്നു. വിഎസ് അച്യുതാനന്ദനുമായുള്ള അടുപ്പത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ കാലത്ത് പിണറായി പക്ഷത്തിന് വിരുദ്ധനായി നിലകൊണ്ടു. പിന്നീട് പിണറായിയെ ഉള്‍പ്പെടെ കാണാന്‍ അവസരം വേണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു

കണ്ണൂരിലെ ചെറുകുന്നില്‍ കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി.സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും തേഡ്‌ഫോറത്തില്‍ കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും ഫോര്‍ത്ത് ഫോറം മുതല്‍ പത്താം ക്ലാസ്സുവരെ ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു.


പി കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു.1943 മേയ് മാസത്തില്‍ ബോംബെയില്‍ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. 1942 ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയായിരുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com