ടോൾ നൽകാത്തത് ചോദ്യം ചെയ്തു; ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് കാർ യാത്രക്കാർ; ഷർട്ടിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th August 2022 06:31 PM |
Last Updated: 11th August 2022 06:31 PM | A+A A- |

ടെലിവിഷൻ ദൃശ്യം
കൊല്ലം: ടോൾ നൽകാത്തത് ചോദ്യം ചെയ്ത ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദിച്ചു. മർദ്ദനത്തിന് പിന്നാലെ ജീവനക്കാരനെ കാറില്‍ വലിച്ചിഴച്ച ശേഷം റോഡില്‍ തള്ളിയിട്ടു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലെ ജീവനക്കാരന്‍ അരുണാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരാണ് ആക്രമിച്ചത്.
പണം നല്‍കാതെ ടോള്‍ ബൂത്തിലെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകാനായിരുന്നു കാറിലുള്ളവരുടെ ശ്രമം. ഇത് ചോദ്യം ചെയ്തതോടെ അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേ രീതിയില്‍ അൽപദൂരം കാറിന്റെ ഡോറില്‍ കുത്തിപ്പിടിച്ച് നിര്‍ത്തി വലിച്ചിഴക്കുകയുമായിരുന്നു.
ഏതാനും മീറ്ററുകള്‍ പിന്നിട്ടതോടെ യുവാവിനെ കാര്‍ ഡ്രൈവര്‍ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു. സംഭവത്തില്‍ അരുണിന്റെ കാലുകളിലും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടോള്‍ ബൂത്തിലെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ കാറിന്റെ നമ്പറടക്കം വ്യക്തമാണ്. സംഭവത്തില്‍ അഞ്ചാലംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പത്ത് കോടിയുടെ ഹാഷിഷ് ഓയിൽ ട്രെയിനിൽ കടത്താൻ ശ്രമം; പാലക്കാട് രണ്ട് പേർ പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ