ബെംഗലൂരുവില്‍ നിന്ന് കൊറിയര്‍ മാര്‍ഗം മയക്കുമരുന്ന് വിതരണം; അന്തര്‍സംസ്ഥാന ലഹരി സംഘത്തിലെ പ്രധാനി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2022 07:36 PM  |  

Last Updated: 31st August 2022 07:36 PM  |   A+A-   |  

drug

അമല്‍, അജ്മല്‍, സമീര്‍

 

കൊച്ചി: ബെംഗലൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊറിയര്‍ മാര്‍ഗ്ഗം മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍.  അമല്‍നായര്‍ (39) ആണ് ചേരാനെല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

ചേരാനല്ലൂരിലെ ഒരു പ്രമുഖ കൊറിയര്‍ സര്‍വ്വീസിലേക്ക് വ്യാജ വിലാസത്തില്‍ വന്ന പാര്‍സല്‍ കവറില്‍ 18 ഗ്രാം മെത്ത് ആംഫിറ്റമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അമല്‍ പിടിയിലായതെന്ന് പൊലീസ് പറയുന്നു. ബെംഗലൂരുവില്‍ നിന്നും അയക്കുന്ന കൊറിയറില്‍ വ്യാജ വിലാസം രേഖപ്പെടുത്തി മൊബൈല്‍ നമ്പറും ട്രാക്കിംഗ് ഐഡിയും ഉപയോഗിച്ച് ഇടപാടുകാര്‍ കൊറിയര്‍ ഓഫീസില്‍ നേരിട്ട് എത്തി പാര്‍സല്‍ കൈപ്പറ്റിയായിരുന്നു മയക്കുമരുന്ന് വിതരണം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ ഈ മാസം ഓഗസ്റ്റ് 18ന് ചേരാനല്ലൂര്‍ കൊറിയര്‍ ഓഫീസില്‍ വന്ന പാര്‍സലില്‍ രേഖപ്പെടുത്തിയ വ്യാജ മേല്‍വിലാസത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ചേരാനല്ലൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാര്‍സലിനകത്ത് മയക്കുമരുന്നായ 18 ഗ്രാം മെത്ത് ആംഫിറ്റമിന്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വ്യാജവിലാസത്തില്‍ കൊറിയര്‍ മാര്‍ഗ്ഗം മയക്കുമരുന്ന് കൊച്ചിയില്‍ വിതരണത്തിനായി എത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കൊറിയര്‍ സ്ഥാപനത്തിലെ പാര്‍സല്‍ സ്വീകരിക്കാനെത്തിയവരുടെ സിസിടിവി ദൃശ്യങ്ങളും പാര്‍സല്‍ കവറില്‍ ഉണ്ടായ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പാര്‍സല്‍ സ്വീകരിക്കാനെത്തിയ മയക്കുമരുന്ന് ഇടപാടുകാരനായ കായംകുളം സ്വദേശി അജ്മല്‍ (33) എന്നയാളെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടെ പാര്‍സല്‍ സ്വീകരിക്കാനെത്തിയ കാസര്‍കോട് പടന്ന സ്വദേശി സമീര്‍ (36) എന്നയാളെ കാസര്‍കോട് ചന്തേര ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തു. 

ഇയാള്‍ ഏറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. രണ്ട് മാസം മുമ്പാണ് സമീര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇവര്‍ക്ക് മയക്കുമരുന്ന് വിതരണത്തിനായി ബെംഗലൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പാര്‍സല്‍ അയച്ചു നല്‍കുന്ന എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി അമല്‍ നായരെ (38) ബെംഗലൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള ആഡംബര ഫ്‌ലാറ്റില്‍ നിന്ന് അതിസാഹസികമായാണ് പിടികൂടിയതെന്നും പൊലീസ് പറയുന്നു.

നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ടുള്ള ലഹരി ഇടപാട് കേസില്‍ ഇയാളെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തിട്ടുള്ളതാണ്. എറണാകുളത്ത് 'പപ്പടവട' എന്ന ഹോട്ടല്‍ ശൃംഖല നടത്തി സാമ്പത്തിക ബാധ്യതകള്‍ വന്നതിന് ശേഷമാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിഞ്ഞതെന്ന് ചോദ്യം ചെയ്യലില്‍ അമല്‍ നായര്‍ സമ്മതിച്ചതായും പൊലീസ് പറയുന്നു.ഇയാളെ പിടികൂടിയ സമയത്ത് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിന് വേണ്ടി തയ്യാറാക്കിയ പാര്‍സല്‍ കവറുകളും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗലൂരു നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ മോഡലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ച് അതിന്റെ മറവില്‍ അമല്‍നായര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ കൊച്ചിയിലെ വിവിധ ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തുവന്നിരുന്നത് അമല്‍ നായരാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 
അമല്‍നായര്‍ മുന്‍പും ഇത്തരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.കൊറിയര്‍ സ്വീകരിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.

മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന ബെംഗലൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട മയക്കുമരുന്ന് മാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശശിധരന്‍ എസ്, എറണാകുളം സെന്‍ട്രല്‍ എസിപി സി ജയകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം ചേരാനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ജി വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നെടുമ്പാശ്ശേരിയിലും കാലടിയിലും ഗതാഗത നിയന്ത്രണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ