അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പം;ഏത് വേഷത്തില്‍ വന്നാലും ഒന്നും നടക്കില്ല; വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ല; മുഖ്യമന്ത്രി

സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല, ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍
പിണറായി വിജയന്‍

തിരുവനന്തപുരം: വിഴിഞ്ഞം  പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ ചെയ്താല്‍ കേരളത്തിന്റെ വിശ്വാസ്യതയ്ക്ക് ഇടിവുണ്ടാകും. ഏത് വേഷത്തില്‍ വന്നാലും ഇത് അംഗീകരിക്കാനാകില്ലെന്ന് പിണറായി പറഞ്ഞു. 

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയത്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പഞ്ഞു. സര്‍ക്കാരിനെതിരായ പ്രക്ഷോഭമല്ല. നാടിന്റെ മുന്നോട്ടുപോക്ക് തടയാനാണ് ശ്രമം. സമരസമിതി എന്താണ് ഉദ്ദേശിക്കുന്നത്? എങ്ങോട്ടാണ് കാര്യങ്ങൾ‌ പോകുന്നത്? മറ്റു മാനങ്ങളിലേക്ക് സമരത്തെ മാറ്റാൻ ഉദ്ദേശിക്കുകയാണ്. ഇതെല്ലാം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. കേരളത്തിൽ മന്ത്രിയായി പ്രവർത്തിക്കുന്ന ആളുടെ പേര് അബ്ദുറഹിമാൻ ആയതിനാൽ ആ പേരിൽ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്നു പറയാൻ ഒരാൾക്ക് കഴിഞ്ഞാൽ എന്താണ് അതിന്റെ അർഥം. എന്താണ് ഇളക്കി വിടാൻനോക്കുന്ന വികാരം’–മുഖ്യമന്ത്രി ചോദിച്ചു.

നാടിന്റെ പൊതുവായ വികസന കാര്യങ്ങളിൽ എല്ലാ രീതിയിലും തടസ്സം ഉണ്ടാക്കുന്ന ഒട്ടേറെ നിക്ഷിപ്ത കക്ഷികൾ എല്ലാകാലത്തും ഉണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരെല്ലാം ഗുഢാലോചനയുമായി ഒത്തുകൂടുകയാണ്. നാടിന്റെ ഇന്നത്തെ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തെ മാറ്റാൻ ശ്രമിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങൾ നടത്തുന്നു.പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. സമരസമിതിയുടെ ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സമരസമിതിയുടെ ആവശ്യപ്രകാരമാണ് വിദഗ്ധസമിതിയെ നിയോഗിച്ചത്. സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല, ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

ജനങ്ങളുടെ ശാന്തമായ ജീവിതം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അക്രമസമരത്തിലേക്ക് ചില പ്രക്ഷോഭങ്ങള്‍ മാറുന്നു. അതിന്റെ ഭാഗമായി പൊലീസിന്റെ നേര്‍ക്ക് ആക്രമണം നടന്നു. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന ആഹ്വാനങ്ങള്‍ പരസ്യമായി ഉയരുന്നു. ഇത് വെറും ആഹ്വാനം മാത്രമായി ഒതുങ്ങിയില്ല. ആഹ്വാനം ചെയ്തവര്‍ ഇത്തരത്തില്‍ അക്രമം സംഘടിപ്പിക്കാനും ശ്രമിച്ചു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിന്റെ ധീരമായ നിലപാടു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com