'കോണ്‍ഗ്രസിനെ ചതിച്ചിട്ടില്ല'; യൂത്ത് കോണ്‍ഗ്രസ് പരിപാടി എങ്ങനെ പാര്‍ട്ടി വിരുദ്ധമാകും?; തിരുവഞ്ചൂരിനോട് തരൂര്‍

കോട്ടയത്തെ പരിപാടി തന്നെ അറിയിച്ചിട്ടില്ലെന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ശശി തരൂര്‍
ശശി തരൂര്‍/ ഫയല്‍
ശശി തരൂര്‍/ ഫയല്‍


കോട്ടയം: താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും പ്രസ്താവനകളില്‍ പ്രതികരണവുമായി ശശി തരൂര്‍. പതിനാലു വര്‍ഷമായി എവിടെപ്പോയാലും ഡിസിസി പ്രസിഡന്റുമാരോട് പറഞ്ഞിട്ടാണ് പോകുന്നത്. തന്റെ ഓഫീസ് ഡിസിസി ഓഫീസില്‍ അറിയിക്കാറുണ്ട്. ആ മെസ്സേജുകള്‍ അവര്‍ക്ക് കിട്ടിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. വീഴ്ച പറ്റിയെങ്കില്‍ കണ്ടുപിടിക്കണമെന്ന് അദ്ദേഹ മാധ്യമങ്ങളോട് പറഞ്ഞു. 

പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണത്തിന് ശശി തരൂര്‍ മറുപടി നല്‍കി. 'കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ്. അവര്‍ ക്ഷണിക്കുമ്പോള്‍ എങ്ങനെ സംഘടനാ വിരുദ്ധമാകും. അദ്ദേഹത്തോട് കാണുമ്പോള്‍ ചോദിക്കാം.'- ശശി തരൂര്‍ പറഞ്ഞു. 

'കോണ്‍ഗ്രസ് എംപിയായിട്ട് 14 വര്‍ഷമായി ഇതുവരെ ഇങ്ങനെയൊരു വിവാദമുണ്ടായിട്ടില്ല. ഇപ്പോള്‍ എന്താണ് പുതിയ കാര്യം എന്ന് മനസ്സിലായിട്ടില്ല. ഈ സ്ഥലങ്ങളിലൊക്കെ പ്രഭാഷണത്തിനും പരിപാടികള്‍ക്കും ഒക്കെയായി ഒരുതവണയെങ്കിലും വന്നിട്ടുണ്ട്. ഇത്തവണ എന്തുകൊണ്ടാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. തന്റെ ഭാഗത്തുനിന്ന് വിവാദമില്ല. പ്രത്യേകിച്ച് ഒന്നും പറയുന്നുമില്ല. ആര്‍ക്കും എതിരായിട്ട് സംസാസാരിക്കുന്നില്ല'.- അദ്ദേഹം പറഞ്ഞു. 

കെപിസിസി അംഗമായിരുന്ന കെ എം ചാണ്ടി അനുസ്മരണ പരിപാടിയാണ് കോട്ടയത്ത് ആദ്യത്തേത്ത്. വൈകുന്നേരം യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയാണ്. താത്പര്യമുള്ളവര്‍ വന്നു കേള്‍ക്കട്ടെ, ഇഷ്ടക്കേട് ഉള്ളവര്‍ വരാതിരിക്കട്ടെ. ഇതുവരെ പാര്‍ട്ടിക്ക് എതിരായും കോണ്‍ഗ്രസ് വിശ്വാസങ്ങളെ ചതിച്ചോ ഒന്നും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് തന്നെ പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചയാളാണ് താന്‍. തന്റെ മനസ്സ് ഒരു തുറന്ന പുസ്തകമാണ്. ആള്‍ക്കാര്‍ക്ക് തന്നെ കുറിച്ച് ഭയം തോന്നേണ്ട ആവശ്യം മനസ്സിലാകുന്നില്ലെന്നും തരൂര്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ്. അവര്‍ക്കൊരു പ്രോത്സാഹനം കൊടുക്കുന്നത് തനിക്ക് ഇഷ്ടമാണ്. അവര്‍ ക്ഷണിക്കുന്നു, താന്‍  വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശശി തരൂരിന്റെ കോട്ടയത്തെ പരിപാടി തന്നെ അറിയിച്ചില്ലെന്നും കെപിസിസി പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞിരുന്നു. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. പങ്കെടുക്കേണ്ടവര്‍ക്കു പങ്കെടുക്കാമെന്നും അല്ലാത്തവര്‍ യൂട്യൂബില്‍ പരിപാടി കാണട്ടെയെന്നും തരൂര്‍ പ്രതികരിച്ചു. 

ഈരാറ്റുപേട്ടയിലെ പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. സാധാരണ നേതാക്കള്‍ വരുമ്പോള്‍ ഡിസിസിയെ അറിയിക്കുന്ന പതിവുണ്ട്. ശശി തരൂരിന്റെ ഓഫിസില്‍നിന്ന് ഒരു തവണ വിളിച്ചു. പിന്നെ വിളിക്കാമെന്നു പറഞ്ഞ് കട്ട് ചെയ്യുകയും ചെയ്തെന്ന് സുരേഷ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com