'തൂക്കുകയറാണ് ശിക്ഷയെന്ന് അറിയാമോ?'; വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 12:18 PM  |  

Last Updated: 05th December 2022 12:18 PM  |   A+A-   |  

kovalam_murder_2

കേസില്‍ അറസ്റ്റിലായ പ്രതികള്‍

 

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ പ്രഖ്യാപിക്കുന്നത് നാളത്തേക്ക് മാറ്റി.     തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരി​ഗണിച്ചത്. പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. 

രാവിലെ കേസ് പരി​ഗണിച്ചപ്പോൾ നിങ്ങൾ ചെയ്ത കുറ്റത്തിന് തൂക്കുകയറാണ് ശിക്ഷയെന്ന് അറിയാമോയെന്ന് കോടതി പ്രതികളോട് ചോദിച്ചു.  രാജ്യത്ത് അതിഥിയായി വന്ന യുവതിയെയാണ് പ്രതികൾ ഹീനമായി കൊലപ്പെടുത്തിയത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ മാതൃകാപരമായ ശിക്ഷ നൽകണം.

അപൂർവങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരി​ഗണിക്കണമെന്നും, പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ  ജീവിക്കണമെന്നും, പ്രായം പരി​ഗണിക്കണമെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. കുറ്റബോധമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികൾ പ്രതികരിച്ചില്ല.

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. പ്രതികള്‍ക്കെതിരായ ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി കഴിഞ്ഞദിവസം  വ്യക്തമാക്കി. പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ നാല്‍പ്പതുകാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേര്‍ന്ന് ടൂറിസ്റ്റ് ഗെഡെന്ന വ്യാജേനെ കണ്ടല്‍ക്കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

പട്ടി പിടുത്തക്കാര്‍ മുതല്‍ വിസിമാര്‍ വരെ കത്തുമായി ജോലി നേടുന്നു: പിസി വിഷ്ണുനാഥ്; സംഘടിതമായ വ്യാജ പ്രചാരണമെന്ന് മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ