ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന് അയോഗ്യതയില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
സജി ചെറിയാന്‍/ഫയല്‍
സജി ചെറിയാന്‍/ഫയല്‍

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. 

മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് സജി ചെറിയാനെതിരെ കോടതിയെ സമീപിച്ചത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനം രാജി വെച്ചതു കൊണ്ടുമാത്രംകാര്യമില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. 

അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പറഞ്ഞാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് മുന്‍മന്ത്രിക്കെതിരെ കേസെടുക്കാന്‍ കീഴ് വായ്പൂര്‍ പൊലീസിന് തിരുവല്ല കോടതി നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ആറു മാസത്തെ അന്വേഷണത്തിനിടെ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ച് സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിലടക്കം വന്നിരുന്നു. സജി ചെറിയാനെതിരായ കേസ് അന്വേ,ണം പൊലീസ് അവസാനിപ്പിച്ചാല്‍ അതിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com