'പിണറായിയെ എംവി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷം'; ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 10:51 AM  |  

Last Updated: 10th December 2022 10:51 AM  |   A+A-   |  

vd_satheesan

വിഡി സതീശന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടെലിവിഷന്‍ ദൃശ്യം

 

തൃശൂര്‍: മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുസ്ലിം ലീഗിനെ ലക്ഷ്യമിട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവന യുഡിഎഫില്‍ കുഴപ്പമുണ്ടാക്കാനെന്നും അതു വിലപ്പോവില്ലെന്നും സതീശന്‍ പറഞ്ഞു.

ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. ഒറ്റക്കെട്ടായാണ് യുഡിഎഫ് മുന്നോട്ടുപോവുന്നത്. സര്‍ക്കാരിനെതിരായ ജനരോഷം വഴിതിരിച്ചുവിടുന്നതിന് ഒരു ചര്‍ച്ചയുണ്ടാക്കുകയാണ്, ലീഗിനെ ലക്ഷ്യമിട്ടുള്ള എംവി ഗോവിന്ദന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം. അതു വിലപ്പോവില്ല. എന്തെങ്കിലും പുതിയ ചര്‍ച്ചയുണ്ടാക്കി സര്‍ക്കാരിനെ രക്ഷിക്കുകയാണ് അവരുടെ തന്ത്രമെന്ന് സതീശന്‍ പറഞ്ഞു. എന്തായാലും ലീഗ് തീവ്രവാദ ബന്ധമുള്ള കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട്‌ എംവി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരായ ബില്ലിനെ എതിര്‍ക്കാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടായില്ലെന്ന, ലീഗ് അംഗം അബ്ദുല്‍ വഹാബിന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. രാജ്യസഭയില്‍ ബില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ തെളിവായി വിഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആൾദൈവം ചമഞ്ഞ് സ്വർണവും പണവും തട്ടി; കുടുംബത്തെ കുരുതി കൊടുക്കുമെന്ന് ഭീഷണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ