അനധികൃത സ്വത്ത് സമ്പാദനം: ടിഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി
By സമകാലിക മലയാളം ഡെസ്ക് | Published: 14th December 2022 08:21 PM |
Last Updated: 14th December 2022 08:21 PM | A+A A- |

ടിഒ സൂരജ് ഐഎഎസ്
കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.
സൂരജിന്റെ 10.43 കോടി രൂപയുടെ സ്വത്തുവകകളാണ് ഇഡി ഇതുവരെ കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇ ഡി കള്ളപ്പണക്കേസില്‍ അന്വേഷണം തുടങ്ങിയത്. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരില്‍ സൂരജ് വാഹനങ്ങളും വസ്തുക്കളും വന്‍തോതില്‍ ഭൂമിയും വാങ്ങിയതായി ഇഡി കണ്ടെത്തി.
ടിഒ സൂരജിന്റെ മകള്‍ക്കെതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തിരുന്നു. ഡോ എസ് റിസാന ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മാറാട് പൊലീസാണ് കേസ് എടുത്തത്. റിസാനയുടെ പേരില്‍ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വില്‍ക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നല്‍കി വഞ്ചിച്ചെന്നായിരുന്നു കേസ്. ബേപ്പൂര്‍ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് പരാതിക്കാരന്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ