വനമേഖലയിലെ കര്‍ഷകരെ വഞ്ചിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ്

നേരിട്ടു സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
വിഡി സതീശന്‍/ഫയല്‍ ചിത്രം
വിഡി സതീശന്‍/ഫയല്‍ ചിത്രം
Published on
Updated on

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരിട്ടു സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. 

പ്രാദേശികമായ  ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയ്യാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. കാര്‍ഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകള്‍ പൂര്‍ണമായും വനഭൂമിയാണെന്ന കണ്ടെത്തല്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. രണ്ട് വാര്‍ഡുകളില്‍ ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍ മൂന്ന് തലമുറയായി കൃഷിയിറക്കുന്നത്.

അതേസമയം, മലയോര പ്രദേശത്തെ ബഫര്‍ സോണ്‍ മേഖലയെക്കുറിച്ചുള്ള ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല ആകുന്നതോടെ കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയിലാണ് മലയോര നിവാസികള്‍. ജനവാസ മേഖലകളും കൃഷിയിടവും ഉള്‍പ്പെടുത്തി അശാസ്ത്രീയമായി ഉപഗ്രഹ സര്‍വേ നടത്തിയതാണ് ജനങ്ങളെ വെട്ടിലാക്കിയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണിനിരത്തി യുഡിഎഫ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com