'രാത്രിയില്‍ പുരുഷന്മാര്‍ പോലും സുരക്ഷിതരല്ല എന്നതാണു സത്യം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2022 10:19 AM  |  

Last Updated: 23rd December 2022 10:19 AM  |   A+A-   |  

High court

ഹൈക്കോടതി, ഫയല്‍ ചിത്രം

 

കൊച്ചി: പെണ്‍കുട്ടികള്‍ക്ക് ഏതു സമയവും പുറത്തിറങ്ങാന്‍ കഴിയുന്ന മാതൃകാപരമായ സാഹചര്യത്തിലേക്കു നമ്മുടെ നാട് എത്തിയിട്ടില്ലെന്ന് ഹൈക്കോടതി. രാത്രിയില്‍ പുരുഷന്മാര്‍ പോലും സുരക്ഷിതരല്ല എന്നതാണു സത്യം. നമ്മുടെ പൊതു ഇടങ്ങള്‍ രാപകല്‍ ഭേദമില്ലാതെ ഇറങ്ങി നടക്കാന്‍ പര്യാപ്തമാകണമെങ്കില്‍ ഇനിയും കാത്തിരിക്കണമെന്ന്, മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടു കോടതി പറഞ്ഞു. 

ക്യാംപസ് ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം ഒഴിവാക്കേണ്ടതാണന്ന്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ നമ്മുടെ സംസ്ഥാനം ഇനിയും അതിനു സജ്ജമായിട്ടില്ല. ഗവ.  മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രി 9.30നു ശേഷം പ്രവേശനം ആകാമെന്നും എന്നാല്‍ പുറത്തിറങ്ങാന്‍ അനുമതി വേണമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് കോടതി ശരിവച്ചു. 

സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹോസ്റ്റലുകളുടെ വാതില്‍ എല്ലാ നേരത്തും തുറന്നിടണമെന്നു പറയുന്നില്ല. ഈ കേസില്‍ കേട്ടതു കാലത്തിനു മുന്‍പേയുള്ള ശബ്ദമാണെന്നു കോടതി അഭിപ്രായപ്പെട്ടു. ഭാവിയില്‍ മാറ്റം സാധിച്ചേക്കാം. ഹോസ്റ്റലുകളിലെ സമയനിയന്ത്രണം അപ്പാടെ മാറണമെങ്കില്‍ സമൂഹം അതിനു പാകമാകണം. വേറിട്ട ചിന്തയ്ക്കു പ്രേരിപ്പിച്ചതിനു ഹര്‍ജിക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും കോടതി പറഞ്ഞു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാത്രി 9.30 വരെ പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനു ശേഷം പുറത്തു പോകാന്‍ അടിയന്തര ഘട്ടങ്ങളില്‍ വാര്‍ഡന്‍ അനുമതി നല്‍കണമെന്നും കുടുംബപരമോ വ്യക്തിപരമോ ആയ ആവശ്യങ്ങള്‍ക്കു രക്ഷിതാവിന്റെ അനുമതി ഹാജരാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ഉള്‍പ്പെടുത്തി ഉത്തരവു പുതുക്കാന്‍ കോടതി നിര്‍ദേശിച്ചു. 

വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളില്‍ മിനിമം അച്ചടക്കം ആവശ്യമാണെന്ന വാദമാണ് ആരോഗ്യ സര്‍വകലാശാല ഉന്നയിച്ചത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് സുരക്ഷയും സ്വാതന്ത്ര്യവും തമ്മിലുള്ള സംതുലനം ഉറപ്പാക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു. 

രാത്രി 9.30നു ശേഷം ഹോസ്റ്റലില്‍നിന്നു പുറത്തിറങ്ങുന്നതു വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശത്തിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകൾ ​ഗുരുതരാവസ്ഥയിലെന്ന് ഫോണെത്തി,വിമാനത്താവളത്തിൽ എത്തിയപ്പോൾ  ടിവിയിൽ മകളുടെ മരണവാർത്ത; നൊമ്പരമായി ‌നിദ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ