വഴിമാറി അക്കൗണ്ടിൽ എത്തിയത് കോടികൾ; കൈയും കണക്കുമില്ലാതെ പൊടിച്ചു തീർത്തു; ഒടുവിൽ പെട്ടു!

അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പുതുതലമുറ ബാങ്കുകളിലൊന്നിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയത്
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

തൃശൂര്‍: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വഴി മാറി എത്തിയത് രണ്ട് കോടിക്ക് മുകളിൽ രൂപ. ആദ്യം അമ്പരന്നെങ്കിലും പിന്നീട് പണം എടുത്ത് അടിച്ചു പൊളിച്ച് ചെലവാക്കി. ഒടുവിൽ യുവാക്കൾ കുടുങ്ങുകയും ചെയ്തു. തൃശൂരിലാണ് സംഭവം. അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ അറസ്റ്റിലായി. 2.44 കോടി രൂപയാണ് ഇവര്‍ ചെലവാക്കിയത്. സൈബര്‍ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പുതുതലമുറ ബാങ്കുകളിലൊന്നിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയത്. കോടികള്‍ അക്കൗണ്ടിലെത്താൻ തുടങ്ങിയതോടെ കൈയും കണക്കുമില്ലാതെ ചെലവാക്കാനും തുടങ്ങി. ചെലവാക്കും തോറും പണം പിന്നെയും വന്നു. ഇതുപയോഗിച്ച് ഫോണ്‍ ഉള്‍പ്പെടെ പലതും വാങ്ങി.

ഷെയര്‍ മാര്‍ക്കറ്റിലും മറ്റും പണമിറക്കി. കടങ്ങള്‍ വീട്ടി. ട്രേഡിങ് നടത്തി. എല്ലാം കൂടി 2.44 കോടി ചെലവാക്കി. ഘട്ടം ഘട്ടമായി എത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 171 ഇടപാടുകളാണ് നടത്തിയത്. ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

ബാങ്ക് പരാതിപ്പെട്ടതോടെയാണ് പൊലീസ് ഇവരെ തേടിയെത്തിയത്. അറസ്റ്റിലായയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയനനീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് അബദ്ധത്തില്‍ കോടികള്‍ ഇവരുടെ അക്കൗണ്ടിലെത്തിയതെന്ന് കരുതുന്നു. ലയന സമയത്തെ സാഹചര്യം ഇവര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 

ചെലവാക്കിയതില്‍ ഭൂരിഭാഗം തുകയും തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍, ഏതാനും ലക്ഷങ്ങള്‍ കിട്ടാനുണ്ട്. അനര്‍ഹമായ തുക ചെലവാക്കിയതാണ് ഇവര്‍ക്ക് വിനയായത്. ഇങ്ങനെ കൂടുതല്‍ പണം അക്കൗണ്ടില്‍ വന്നാല്‍ ബാങ്കിനെ അറിയിക്കേണ്ടതാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com