ഇപിക്ക് പങ്കാളിത്തമില്ല; ജയ്‌സണ് 10 ലക്ഷത്തിന്റെ ഓഹരി; ഇന്ദിരയുടെ നിക്ഷേപത്തുക വെളിപ്പെടുത്താനാകില്ല; ആരോപണത്തില്‍ ഗൂഢാലോചന: വൈദേകം സിഇഒ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2022 11:54 AM  |  

Last Updated: 26th December 2022 11:54 AM  |   A+A-   |  

vaidekam

വൈദേകം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

കണ്ണൂര്‍: സാമ്പത്തിക ആരോപണത്തില്‍ ഇ പി ജയരാജനെ പിന്തുണച്ച് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്. ഇതില്‍ ഇ പി ജയരാജന് പങ്കാളിത്തമില്ല. അദ്ദേഹത്തിന്റെ മകന്‍ ജയ്‌സണ് രണ്ടു ശതമാനം ഓഹരിയുണ്ട്. റിസോര്‍ട്ടിന്റെ ഡയറക്ടറുമാണ്. ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും ഓഹരിയുണ്ട്. 

ജയ്‌സണ് 10 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. 2014 ലാണ് പി കെ ജെയ്‌സണ്‍ ഓഹരിയെടുക്കുന്നത്. പെന്‍ഷന്‍ തുകയാണ് ഇന്ദിര നിക്ഷേപിച്ചത്. ഇന്ദിര നിക്ഷേപിച്ച തുക വെളിപ്പെടുത്താന്‍ കഴിയില്ലെന്നും തോമസ് ജോസഫ് പറഞ്ഞു. റിസോര്‍ട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ജയരാജോ ജയ്‌സണോ ഇടപെടാറില്ലെന്ന് തോമസ് ജോസഫ് പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നില്‍ ആരെന്ന്, ലഭിച്ച തെളിവുകള്‍ പരിശോധിച്ച ശേഷം കമ്പനി എന്ന നിലയില്‍ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പിന്നീട് പറയും. മുന്‍ എംഡിയും ഇപ്പോഴും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രമേഷ് കുമാര്‍ തെറ്റായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന സൂചനകളുണ്ട്. 

അക്കാര്യം വ്യക്തമായി പരിശോധിച്ചു വരികയാണ്. വൈദേകം റിസോര്‍ട്ട് അല്ല. വൈദേകം ആയുര്‍വേദ ഹീലിങ്ങ് വില്ലേജ് ആണ്. ഇതൊരു ആശുപത്രിയാണെന്നും തോമസ് ജോസഫ് പറഞ്ഞു. ജയരാജന്റെ ഭാര്യയുടേയും മകന്റേയും കൂടി ഓഹരികള്‍ കൂട്ടിയാല്‍ പോലും ഒരു കോടി വരില്ലെന്നും വൈദേകം സിഇഒ പറഞ്ഞു. 

ജയ്‌സണ്‍ കമ്പനിയില്‍ ഓഹരി എടുക്കുമ്പോള്‍ ഇ പി ജയരാജന്‍ മന്ത്രിയോ എല്‍ഡിഎഫ് കണ്‍വീനറോ ഒന്നുമല്ല. 2014 ന് ശേഷം ജയ്‌സന്റെ ഷെയര്‍ ഹോള്‍ഡിങ് വര്‍ധിച്ചിട്ടില്ല. 20 ഓളം സ്വദേശത്തും വിദേശത്തുമുള്ള ആളുകളുടെ ഓഹരി പങ്കാളിത്തത്തോടെയാണ് വൈദേകം ആശുപത്രി നടത്തുന്നതെന്ന് തോമസ് ജോസഫ് പറഞ്ഞു. 

വിവാദങ്ങളില്‍ ഇ പി ജയരാജന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതിലേക്ക് ഇ പി ജയരാജനെ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ്. വിവാദങ്ങളില്‍ ജയരാജന്‍ ആശങ്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന് അതില്‍ ഭയക്കാന്‍ ഒന്നുമില്ല. വിവാദങ്ങള്‍ ചില്ലുകൊട്ടാരം പോലെ തകര്‍ന്നു പോകുന്ന വെറും ആക്ഷേപങ്ങള്‍ മാത്രമാണെന്നും തോമസ് ജോസഫ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ