'സുധാകരന്‍ എന്ത് ഉദ്ദേശത്തിലാണ് അത് പറഞ്ഞതെന്ന് ചോദിക്കും'; പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം അസംബന്ധം: പിഎംഎ സലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 03:09 PM  |  

Last Updated: 28th December 2022 03:09 PM  |   A+A-   |  

pma_salam

പിഎംഎ സലാം മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്


 

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന മുന്‍ സിഎംപി നേതാവ് അഡ്വ. ടിപി ഹരിചന്ദ്രന്റെ ആരോപണം അസംബന്ധമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. 'ആരോപണം തികഞ്ഞ അസംബന്ധമാണ്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. 2012ലാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത്. അന്ന് ഈ വക്കീല്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് ഉണ്ടാക്കിക്കൊടുത്തു, വകുപ്പ് ചേര്‍ത്തുകൊടുത്തു എന്നൊക്കെ പറയുന്നു. അന്ന് അതിന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തായിരുന്നോ അദ്ദേഹം ഉണ്ടായിരുന്നത്? അദ്ദേഹത്തിന് അന്ന് നീതിന്യായ സംവിധാനത്തില്‍ എന്തു പങ്കാണ് ഉണ്ടായിരുന്നത്? പൊലീസിന് റിമാന്‍ഡ് റിപ്പോര്‍ട്ട് ഉണ്ടാക്കിക്കൊടുക്കേണ്ടത് ഒരു സ്വകാര്യ അഭിഭാഷകനാണോ? പൊലീസിന്റെ അധികാരം സ്വയം എടുക്കാന്‍ അദ്ദേഹം ഗവര്‍ണമെന്റ് പ്ലീഡര്‍ ആയിരുന്നോ?' പിഎംഎ സലാം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 

'എന്തുകൊണ്ടാണ് പന്ത്രണ്ട് കൊല്ലം അദ്ദേഹം ഇത് പറയാതിരുന്നത്? ഇതിന്റെ പിന്നില്‍ മുസ്ലിം ലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമമാണ്. ഞങ്ങള്‍ വെറുതേ വിടാന്‍ തീരുമാനിച്ചിട്ടില്ല. നിയമപരമായി നേരിടും. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കോടതിയില്‍ പരാതി നല്‍കി കഴിഞ്ഞു. ഷുക്കൂര്‍ വധക്കേസ് നടത്തിയത് മുസ്ലിം ലീഗാണ്. കേസ് നടത്തുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് എത്രമാത്രം ഉണ്ടായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം.'പിഎംഎ സലാം പറഞ്ഞു. 

അഡ്വ. ഹരിചന്ദ്രന്റെ ആരോപണം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തോടും പിഎംഎ സലാം പ്രതികരണം നടത്തി. 'കെ സുധാകരനും ഞങ്ങളും പറയുന്നത് ഒന്നാണ്. തെറ്റായ ആരോപണം വരുമ്പോള്‍ അത് ഗൗരവമുള്ളതാണ്. അതുകൊണ്ട് അത് അന്വേഷിക്കണം എന്ന് പറയുന്നു. ഇത്രയും ഗൗരവതരമായ ഒരു ആരോപണം എങ്ങനെ ഒരാള്‍ക്ക് പുറത്തുപറയാന്‍ കഴിയുമെന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ അറിയാമല്ലോ. ഞങ്ങള്‍ എടുത്തു ചാടുന്നില്ല. മറ്റന്നാള്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ എന്ത് ഉദ്ദേശത്തിലാണ് കെപിസിസി പ്രസിഡന്റ് അത് പറഞ്ഞത് എന്ന് അന്വേഷിക്കും.' അദ്ദേഹം പറഞ്ഞു. 

ഒരു പാര്‍ട്ടിയോട് ആശയപരമായി വിയോജിപ്പുണ്ടെങ്കില്‍ ആശയപരമായി നേരിടണം. പകരം ഇത്തെരം നെറികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പി ജയരാജന് എതിരെ ഗൂഢാലോചന കുറ്റം ചുമത്തേണ്ടതില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പൊലീസിന് നിര്‍ദേശം നല്‍കിയെന്നായിരുന്നു അഡ്വ. ഹരിചന്ദ്രന്റെ ആരോപണം. 'കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല എന്ന കുറ്റമാണ് പി ജയരാജനെതിരേ ചുമത്തിയിട്ടുള്ളത്. അരിയില്‍ കേസില്‍ ഞാനായിരുന്നു കൊലപാതകത്തില്‍ ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ, അന്നത്തെദിവസം രാത്രി 12 മണിവരെ കുഞ്ഞാലിക്കുട്ടിക്ക് ഒരു പ്രശ്‌നവും ഉണ്ടായില്ല. പക്ഷേ, പിന്നീട് കണ്ണൂര്‍ എസ്പിയെ വിളിച്ച് 302 ഐപിസി വെക്കേണ്ടെന്ന് നിര്‍ദേശിച്ചു' -ടിപി ഹരീന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ അടിച്ചു മാറ്റുന്നു: എന്‍എസ്എസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ