സ്വയം ശ്വസിച്ചു തുടങ്ങി, ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നു; വാവ സുരേഷിന്റെ നില മെച്ചപ്പെടുന്നു 

തട്ടി വിളിക്കുമ്പോൾ തലയനക്കുന്നുണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല
vava_suresh_health_condition
vava_suresh_health_condition

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ (48) നില മെച്ചപ്പെടുന്നു. ഇന്നലെ പുലർച്ചെ മുതൽ അദ്ദേഹം സ്വയം ശ്വസിച്ചു തുടങ്ങിയെന്നും തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല. 

തട്ടി വിളിക്കുമ്പോൾ തലയനക്കുന്നുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം ക്രമമാകുന്നതിന്റെ സൂചനയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററി തുടരുകയാണ് സുരേഷ്. ഒരു ദിവസം കൂടി വെന്റിലേറ്റർ സഹായം നൽകാനാണ് ഡോക്ടർമാരുടെ നിർദേശം. വെന്റിലേറ്റർ പൂർണമായും നീക്കി ആരോഗ്യനില വിലയിരുത്തിയാലേ അപകടാവസ്ഥ പൂർണമായും തരണം ചെയ്തുവെന്ന് പറയാൻ കഴിയൂ.  

കോട്ടയം, കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയിൽ പാമ്പു കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും അസിസ്റ്റന്റ് സൂപ്രണ്ടിന്റെയും മേൽനോട്ടത്തിൽ പ്രത്യേക മെഡിക്കൽ സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com