കെ സുധാകരന്‍ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം
കെ സുധാകരന്‍ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം

ദുര്‍വ്യാഖ്യാനം വേണ്ട, അതിവേഗ പാതയ്ക്ക് എതിരല്ല, പ്രായോഗിക വശം പഠിക്കണം: വിശദീകരിച്ച് കെ സുധാകരന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമാണ് കോണ്‍ഗ്രസ് എന്ന വിധത്തില്‍ തന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമാണ് കോണ്‍ഗ്രസ് എന്ന വിധത്തില്‍ തന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതിവേഗ റെയില്‍പാത സംസ്ഥാനത്തിന് വേണ്ടെന്ന് പറഞ്ഞിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് അതിന്റെ പ്രായോഗിക വശം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാങ്കേതികവശം പഠിച്ചും മറ്റും പദ്ധതിയുടെ ഗുണവും ദോഷവും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍്ക്കാര്‍ തയ്യാറാവണമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന്റെ നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. പദ്ധതിക്ക് കേന്ദ്രം തത്ത്വത്തില്‍ അംഗീകാരം നല്‍കി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത്തരത്തില്‍ ഒരു പച്ചക്കൊടിയും കേന്ദ്രം നല്‍കിയിട്ടില്ല. പദ്ധതിക്ക് 
തത്ത്വത്തില്‍ അംഗീകാരം നല്‍കി എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് ഗേജ് അനുയോജ്യമല്ല. അതുകൊണ്ടാണ് രാജ്യത്ത് ബ്രോഡ്‌ഗേജ് പാതയിലൂടെ ട്രെയിനുകള്‍ ഓടുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഗേജ് അനുയോജ്യമാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. സമഗ്ര സാമൂഹിക, പാരിസ്ഥിതികാഘാത പഠനം നടത്തണം. ഡിപിആര്‍ ഉണ്ടാക്കി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധാകരന്‍ പറഞ്ഞു.

പദ്ധതിക്ക് 63000 കോടി രൂപ ചെലവ് വരുമെന്നാണ് സംസ്ഥാനം പറയുന്നത്. നീതി ആയോഗ് പറയുന്നത് 1.33 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ്. വിദഗ്ധര്‍ പറയുന്നത് ഇത് പൂര്‍ത്തിയാക്കാന്‍ രണ്ടുലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കാം എന്നാണ്. 65,000 കോടി രൂപയ്ക്ക് പദ്ധതി നടപ്പാകുമെന്ന് വിഡ്ഢികള്‍ പോലും വിശ്വസിക്കില്ല. കേരളത്തില്‍ സമയബദ്ധിതമായി പൂര്‍ത്തിയാക്കിയ ഒരു പദ്ധതി എവിടെ?, അതിനാല്‍ ചെലവ് ഇനിയും വര്‍ധിക്കും. 

ശബരി റെയില്‍പാതയില്‍ നിന്ന് സംസ്ഥാനം പിന്‍വാങ്ങിയെന്നാണ് കേന്ദ്രം പറയുന്നത്. 2815 കോടി രൂപയുടെ പകുതി എടുക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാരാണ് രണ്ടുലക്ഷം കോടി രൂപയുടെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. സര്‍ക്കാരിന്റെ കൈയില്‍ എവിടെയാണ് പണമെന്നും സുധാകരന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com