ആർ ബിന്ദുവിന് ക്ലീൻചിറ്റ്; മന്ത്രി നൽകിയത് നിർദേശം മാത്രമെന്ന് ലോകായുക്ത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2022 12:09 PM  |  

Last Updated: 04th February 2022 12:21 PM  |   A+A-   |  

minister bindu

ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനം സംബന്ധിച്ച പരാതിയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരായ  പരാതി ലോകായുക്ത തള്ളി. കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോ​ഗം നടത്തിയിട്ടില്ല. മന്ത്രിയുടെ കത്തിൽ പ്രൊപ്പോസൽ മാത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ലോകായുക്ത വിധിയിൽ വ്യക്തമാക്കി. 

മന്ത്രി നിർദേശം മാത്രമാണ് നൽകിയത്. മന്ത്രി പറഞ്ഞത് ​വിസിയായി ​ഗോപിനാഥ് രവീന്ദ്രന് വീണ്ടും അവസരം നൽകുന്നത് നല്ലതായിരിക്കുമെന്നു മാത്രമാണ്. അത് ചാൻസലറായ ​ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ​ഗവർണർ ആണെന്നും ലോകായുക്ത വിധിയിൽ പറയുന്നു. മന്ത്രി സ്വജനപക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും വിധിയിൽ ലോകായുക്ത വ്യക്തമാക്കി. 

ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയ്ക്ക് ഹര്‍ജി നല്‍കിയത്. ഈ ഹർജിയാണ് തള്ളിയത്. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്ക് കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്ന് ചെന്നിത്തല ആരോപിച്ചു. 

രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു. വിസി നിയമനത്തില്‍ പേര് നിര്‍ദേശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്ന് തെളിയിക്കുന്ന കത്തും സര്‍ക്കാര്‍ വാദത്തിനിടെ ഹാജരാക്കിയിരുന്നു.