ശബ്ദരേഖ തിരക്കഥ, എന്‍ഐഎ അന്വേഷണത്തിന് പിന്നില്‍ ശിവശങ്കറിന്റെ ബുദ്ധി; ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമെന്ന് സ്വപ്ന

'ശിവശങ്കര്‍ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം എന്നെ ചൂഷണം ചെയ്തു, ദുരുപയോഗപ്പെടുത്തി, നശിപ്പിച്ചു'
ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ
ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തിലേക്ക് എത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് തുറന്നുപറഞ്ഞു. 

കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പ് നല്‍കിയത് സന്ദീപ് പറഞ്ഞിട്ടാണ്. ശബ്ദരേഖ നല്‍കിയത് നിര്‍ദേശം അനുസരിച്ചാണ്. കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്ന ഓഡിയോ ശിവശങ്കര്‍ ചെയ്യിച്ചത്. ശബ്ദരേഖ തിരക്കഥയായിരുന്നു. ശിവശങ്കറിനൊപ്പം നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. 

ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടില്‍ വരുമായിരുന്നു

ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തന്റെ കുടുംബത്തിലെ അവിഭാജ്യവും സുപ്രധാനവുമായ വ്യക്തിയായിരുന്നു ശിവശങ്കര്‍.  മൂന്നു വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടില്‍ വരുമായിരുന്നു. മാസത്തില്‍ 2 തവണയെങ്കിലും ഒരുമിച്ചു ചെന്നൈയിലോ ബെംഗളൂരുവിലോ പോകുമായിരുന്നു. 

ലൈഫ് മിഷനില്‍ യൂണിടാക് കമ്പനി വന്നത് ശിവശങ്കറിന്റെ അറിവോടെ

ശിവശങ്കര്‍ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം എന്നെ ചൂഷണം ചെയ്തു, ദുരുപയോഗപ്പെടുത്തി, നശിപ്പിച്ചു.  വിആര്‍എസ് എടുത്തശേഷം ദുബായില്‍ താമസമാക്കാമെന്ന് ശിവശങ്കര്‍ വാക്കു തന്നിരുന്നതായും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ലൈഫ് മിഷന്‍ കരാറില്‍ യൂണിടാക് കമ്പനിയെ കൊണ്ടുവന്നതെല്ലാം ശിവശങ്കറിന്റെ അറിവോടെയാണ്. ശിവശങ്കറിന് നല്‍കിയ ഐഫോണ്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരായ  യൂണിടാക് കമ്പനി സമ്മാനിച്ചതാണെന്നും സ്വപ്ന പറഞ്ഞു. 

ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം

മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നതായി സ്വപ്‌ന പറഞ്ഞു. സ്വകാര്യ ഫ്‌ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. ശ്രീരാമകൃഷ്ണനെ താന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപുമാണ് ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബവുമായും മുന്‍ മന്ത്രി കെ ടി ജലീലുമായും ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്വപ്‌ന പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com