ഭര്‍ത്താവിന് കെ ഫോണില്‍ ശിവശങ്കര്‍ ജോലി നല്‍കി; സ്വര്‍ണം പിടിച്ചതിന് പിന്നാലെ പിരിച്ചുവിട്ടു: സ്വപ്‌ന സുരേഷ്

വ്യക്തിത്വത്തിന് ശിവശങ്കര്‍ വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും അദ്ദേഹം എഴുതണമായിരുന്നു
സ്വപ്‌ന സുരേഷ്
സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണില്‍ ജോലി ലഭിച്ചത് എം ശിവശങ്കറിന്റെ ഇടപെടല്‍ മൂലമാണെന്ന് സ്വപ്‌ന സുരേഷ്. കെ ഫോണില്‍ മാനേജര്‍ ആയിട്ടാണ് ജയശങ്കറിന് ജോലി ലഭിച്ചത്. നാലോ അഞ്ചോ മാസം ജയശങ്കര്‍ ജോലി ചെയ്തു. സ്വര്‍ണക്കടത്ത് വിവാദമുണ്ടായപ്പോള്‍ ജയശങ്കറെ പിരിച്ചുവിട്ടു എന്നും സ്വപ്‌ന ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു ശിവശങ്കര്‍. അദ്ദേഹം പറഞ്ഞ പ്രകാരമാണ് മൂന്നുവര്‍ഷം ജീവിച്ചത്.  ശിവശങ്കര്‍ ആത്മകഥയിൽ ഇങ്ങനെ എഴുതുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. വ്യക്തിത്വത്തിന് ശിവശങ്കര്‍ വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും അദ്ദേഹം എഴുതണമായിരുന്നു. എല്ലാം അതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഒരു നിസാര ഐ ഫോണ്‍ നല്‍കിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സ്വപ്ന പറഞ്ഞു.

ഐ ഫോൺ സാറിന് തരാനായി കോൺസൽ ജനറൽ തന്നിട്ടുണ്ടെന്ന് ശിവശങ്കർ സാറിനെ താൻ അറിയിച്ചിരുന്നു. അപ്പോൾ ഞാനത്  വാങ്ങിച്ചോളാം, നിന്റെ വീട്ടിലല്ലേ വെച്ചിരിക്കുന്നത് എന്നായിരുന്നു സാർ മറുപടി നൽകിയത്. അതുകൊണ്ടാണ് താൻ അത് സൂക്ഷിച്ചത്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയുമായി ബന്ധപ്പെട്ട്,  എന്തോ ഒരു പാഴ്സൽ ചീഫ് മിനിസ്റ്റർക്ക് എത്തിക്കാനുണ്ടെന്ന് പറഞ്ഞ് വന്നാണ് ശിവശങ്കർ സാറുമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന പറഞ്ഞു. 

എല്ലാ ദിവസവും ഞങ്ങള്‍ വിളിക്കാറുണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ വരാറുണ്ടായിരുന്നു. എല്ലാം അറിയാമായിരുന്നു. കസ്റ്റഡിയില്‍ വെച്ച് ശിവശങ്കറിനെ കണ്ടപ്പോള്‍ എന്നെ അറിയാത്തപോലെയാണ് അദ്ദേഹം പെരുമാറിയത്. ശിവശങ്കര്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കി കൊണ്ടാണ് വനിതാ പോലീസുകാരി എന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്തത്. മുൻ മന്ത്രി കെ ടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളത്. കോണ്‍സുല്‍ ജനറലുമായിട്ടാണ് ജലീലിന് കൂടുതല്‍ ബന്ധമുള്ളത്. മുഖ്യമന്ത്രിയുമായും ഔദ്യോ​ഗിക ബന്ധം മാത്രമേ ഉള്ളൂവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com