'വാവ സുരേഷ് പരിചയ സമ്പന്നന്‍, പക്ഷേ അതുപോര'; പാമ്പിനെ പിടിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് വനംവകുപ്പ് 

വാവ സുരേഷ് പാമ്പു പിടിത്തക്കാര്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് വനംവകുപ്പ്
വാവ സുരേഷ്/ ഫെയ്സ്ബുക്ക്
വാവ സുരേഷ്/ ഫെയ്സ്ബുക്ക്

കൊച്ചി: വാവ സുരേഷ് പാമ്പു പിടിത്തക്കാര്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് വനംവകുപ്പ്. പരിശീലന പരിപാടിയില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കു മാത്രമേ പാമ്പിനെ പിടിക്കാന്‍ അനുമതിയുള്ളൂവെന്നും വകുപ്പ് വ്യക്തമാക്കി.

വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര് വൈ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.

പ്രളയത്തിനു ശേഷം പാമ്പു പിടിത്തക്കാര്‍ക്ക് ആവശ്യം ഏറിയതോടെയാണ് ഇന്‍സ്റ്റിറ്റിയൂട്ട് പരിശീലന പരിപാടി ആരംഭിച്ചത്. 21 മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാവൂക. ഒറ്റ ദിവസമാണ് പരിശീലനം. അഞ്ചു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ശരിയല്ലാത്ത നടപടികളില്‍ ഏര്‍പ്പെടുന്നുവെന്നു കണ്ടാല്‍ വകുപ്പ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. 

ഇന്‍സ്റ്റിറ്റിയൂട്ട് ഇതുവരെ 1650 പേര്‍ക്കാണ് പരിശീലനം നല്കിയത്. ഇതില്‍ 928 പേര്‍ പാമ്പുപിടിത്തത്തില്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പാമ്പുകടിയേറ്റാല്‍ ഒരു ലക്ഷം രൂപ വരെ ആശുപത്രി ചെലവായി നല്‍കും. മരിച്ചാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. 

വാവ സുരേഷിനു സിപിഎം വീടുവച്ചു നല്‍കും

വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച് നല്‍കും. സിപിഎം നേതൃത്വം നല്‍കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വീട് നിര്‍മ്മിച്ച് നല്‍കുകയയെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സുരേഷ് ഇന്നാണ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്.

സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്‌നേഹിതരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ആവശ്യം ഒരു വീട് നിര്‍മ്മിച്ച് നല്‍കണം എന്നതായിരുന്നു. ഇതിന് മുന്‍പ് പലരും ഈ നിര്‍ദ്ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോള്‍ അത് സാറ് തീരുമാനിച്ചോളു എന്നാണ് മറുപടി നല്‍കിയത്. ഈ സാഹചര്യത്തിലാണ് സിപിഎം വീട് വച്ച്‌നല്‍കാന്‍ തീരുമാനിച്ചതെന്ന് വിഎന്‍ വാസവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാസവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് സന്തോഷപൂര്‍വ്വം വീട്ടിലേക്ക് മടങ്ങി. സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്‌നേഹിതരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ആവശ്യം ഒരു വീട് നിര്‍മ്മിച്ച് നല്‍കണം എന്നതായിരുന്നു.
ഇതിന് മുന്‍പ് പലരും ഈ നിര്‍ദ്ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോള്‍ അത് സാറ് തീരുമാനിച്ചോളു എന്നാണ് മറുപടി നല്‍കിയത്.
സിപിഎം നേതൃത്വം നല്‍കുന്ന അഭയം ചാരിറ്റബില്‍ സൊസൈറ്റിയാണ് വീട് നിര്‍മ്മിച്ച് നല്‍കുക.
പ്രളയകാലത്തും കോവിഡ് കാലത്തും സേവനരംഗത്ത് മാതൃകയായി നിന്ന പ്രസ്ഥനമാണ് അഭയം. അഭയത്തിന്റെ ചുമതലയില്‍ സുരേഷിന്റെ അമ്മയുടെ പേരിലുള്ള നാട്ടിലെ ഭൂമിയിലാണ് വീട് നിര്‍മ്മിച്ച് നല്‍കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com