ബാബുവിന്റെ മനോധൈര്യത്തിന് ആദരം; അരലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരസ്യ കമ്പനി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 02:43 PM  |  

Last Updated: 09th February 2022 03:12 PM  |   A+A-   |  

babu_price_money

ചിത്രം: ഫേസ്ബുക്ക്

 

പാലക്കാട്: 45മണിക്കൂർ മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിന് അരലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരസ്യ കമ്പനി ഉ‌ടമ.പാറയിടുക്കിൽ കുടുങ്ങി രണ്ടു രാത്രി ചെലവഴിക്കേണ്ടി വന്ന ബാബു (23)വിന്റെ മനോധൈര്യത്തെ ആദരിച്ചുകൊണ്ടാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി ആണ് യുവാവിന് ധനസഹായം പ്രഖ്യാപിച്ചത്. 

ശനിയാഴ്ച പാലക്കാട് ചെറാടിലുള്ള യുവാവിന്റെ വീട്ടിലെത്തി ഉപഹാരം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. 

തിങ്കളാഴ്ച രാവിലെ 3 സുഹൃത്തുക്കൾക്കൊപ്പം കൂർമ്പാച്ചി മല കയറിയ ബാബു തിരികെ ഇറങ്ങുന്നതിനിടെയാണ് കാൽ വഴുതി വീണത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറിയിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത്  ബാബു സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. 

കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലയാളിയായ ലഫ്. കേണൽ ഹേമന്ത് രാജും ടീമിലുണ്ടായിരുന്നു. ഇന്നലെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവിനു വെള്ളം നൽകിയശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവിനെ ചേർത്തു പിടിച്ച് മുകളിലേക്ക് കയറി. കേരളം കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യത്തിലൂടെയാണാണ് സൈന്യം ബാബുവിനെ രക്ഷിച്ചത്.