'നന്നായി ഉറങ്ങി, സുഖമായിരിക്കുന്നു, വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചു'-വിഡിയോ

ആശുപത്രിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചു
ബാബു ആശുപത്രിയില്‍/വിഡിയോ ദൃശ്യം
ബാബു ആശുപത്രിയില്‍/വിഡിയോ ദൃശ്യം


പാലക്കാട്: തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് മലയിടുക്കില്‍നിന്നു രക്ഷപ്പെട്ട ബാബു. നന്നായി ഉറങ്ങി, ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സുഖമായിരിക്കുന്നു. ആശുപത്രിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചു- ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വിഡിയോയില്‍ ബാബുപറഞ്ഞു. 

കേസെടുക്കില്ലെന്നു മന്ത്രി

ബാബുവിന് എതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ഇടപെട്ട് മന്ത്രി എകെ ശശീന്ദ്രന്‍. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായി ഇക്കാര്യം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു.

ബാബുവിനെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് മന്ത്രി പറഞ്ഞു. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം, അനധികൃതമായി വനമേഖലയില്‍കടന്നതിന് ബാബുവിനെതിരെ കേസെടുക്കാനാണ് വകുപ്പ് തീരുമാനിച്ചത്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.

കല്ലില്‍ തട്ടി കാല്‍ വഴുതി വീണതെന്ന് ഉമ്മ

കല്ലില്‍ ചവിട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടു.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പാതി വഴിയില്‍ യാത്ര നിര്‍ത്തി മടങ്ങി. ഇതോടെ താന്‍ ഒറ്റയ്ക്ക് മുകളിലേക്ക് കയറുകയായിരുന്നു എന്നും ബാബു പറഞ്ഞതായി ഉമ്മ പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.20 അടി താഴ്ചയിലേക്ക് വീണ്ടും വീണു

ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു

പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com