വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസറുദ്ദീൻ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 11th February 2022 06:25 AM  |  

Last Updated: 11th February 2022 06:25 AM  |   A+A-   |  

t_nasarudheen_death

ചിത്രം; ഫേയ്സ്ബുക്ക്

 

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍  അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  ദേഹാസ്വാസ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അ‍ഞ്ചിന് കണ്ണമ്പറമ്പ് കബർസ്ഥാനിൽ. ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകൾ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. 

മൂന്നുപതിറ്റാണ്ടായി ഏകോപന സമിതിയുടെ അധ്യക്ഷൻ

കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു നസറുദ്ദീൻ. 1991 മുതല്‍ മൂന്നുപതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തില്‍ വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആന്‍റ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1944-ല്‍ കണ്ണൂരിലെ പ്രമുഖ വ്യാപാരിയായ ടി.കെ. മഹമ്മൂദിന്റെയും അസ്മാബിയുടെയും മകനായാണ് ജനനം. ഹൈസ്‌ക്കുള്‍ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാര സ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്‌സിന്റെ ഉടമയാണ്. ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍(ബിസിനസ്), എന്‍മോസ് ടാംടണ്‍(ബിസിനസ്), അഷ്റ ടാംടണ്‍, അയ്‌ന ടാംടണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍(പൈലറ്റ് സ്പൈസ് ജെറ്റ്), ലൗഫീന മന്‍സൂര്‍ (പാചകവിദഗ്ധ), റോഷ്നാര, നിസ്സാമുദ്ദീന്‍ (ബിസിനസ്, ഹൈദരാബാദ്).