തലയിൽ ശക്തമായ അടിയേറ്റ മുഴ, കഴുത്തിൽ നഖത്തിന്റെ പാടുകൾ; കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത

By സമകാലിക മലയാളം ഡെസ്ക്  |   Published: 11th February 2022 07:55 AM  |  

Last Updated: 11th February 2022 07:55 AM  |   A+A-   |  

women_died_in_mental_hospital

മരിച്ച ജിയ റാം ജിലോട്ട്


കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ മഹാരാഷ്ട്ര സ്വദേശിനിയെ ദുരൂഹ സാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിയ റാം ജിലോട്ട് (30) ആണ് മരിച്ചത്. ദേഹത്തു പരുക്കുകൾ കാണപ്പെട്ടതിനെ തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

അന്തേവാസിയുമായി അടിപിടി

ഇന്നലെ രാവിലെ അഞ്ചരയോടെ സെല്ലിൽ പതിവുപരിശോധനയ്ക്കു ഡോക്ടർ എത്തിയപ്പോഴാണു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ മറ്റൊരു അന്തേവാസിനിയും ഇവരുമായി തലേന്നു വഴക്കുണ്ടായിരുന്നതായി അധികൃതർ പറയുന്നു. ഒരേ സെല്ലിലുണ്ടായിരുന്ന കൊൽക്കത്ത സ്വദേശിനിയും ജിയയുമായാണ് ബുധനാഴ്ച വൈകിട്ട് അടിപിടിയുണ്ടായത്. കൊൽക്കത്ത സ്വദേശിനിക്ക് പരുക്കേറ്റതിനെ തുടർന്ന് ജിയയെ അഞ്ചാം വാർഡിലെ പത്താം നമ്പർ സെല്ലിലാക്കി. 

മൃതദേഹത്തിൽ തലയുടെ പിന്നിൽ ശക്തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തിൽ നഖത്തിന്റെ പാടുകളുമുണ്ട്. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒഴുകിയിരുന്നു. അസ്വാഭാവിക മരണത്തിനു മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. 

ഭർത്താവിനെ തേടി കുഞ്ഞുമായി തലശേരിയിൽ

കഴിഞ്ഞ മാസം അവസാനമാണ് ജിയയെ തലശ്ശേരി മഹിളാമന്ദിരത്തിൽനിന്നു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെയും കൊണ്ടു തലശ്ശേരിയിൽ അലഞ്ഞുതിരിയുകയായിരുന്നു. കുഞ്ഞിനെ അടിക്കുന്നതു കണ്ടു പൊലീസ് ഇടപെട്ടാണു ജിയയെ മഹിളാമന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിൽ വച്ചു തലശ്ശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും, ആ ബന്ധത്തിൽ ഒരു കു‍ഞ്ഞുണ്ടായ ശേഷം അയാൾ ഉപേക്ഷിച്ചു പോയെന്നുമാണു ജിയ നൽകിയ മൊഴി. ഭർത്താവിനെ അന്വേഷിച്ചാണു തലശ്ശേരിയിലെത്തിയത്. മഹിളാമന്ദിരത്തിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജിയയെ അവിടെ നിന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.