ആനയോട്ട ചടങ്ങിന് ഒരാന മാത്രം: ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം അംഗീകരിച്ച് ഗുരുവായൂര്‍ ദേവസ്വം; ആറാട്ടിന് മൂന്നാനകളെ പങ്കെടുപ്പിക്കാന്‍ അനുമതി തേടും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th February 2022 08:52 PM  |  

Last Updated: 12th February 2022 08:52 PM  |   A+A-   |  

Guruvayur

ഗുരുവായൂര്‍ ആനയോട്ടം/ഫയല്‍


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചുള്ള ആനയോട്ട ചടങ്ങില്‍ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം അംഗീകരിച്ച് ഗുരുവായൂര്‍ ദേവസ്വം. പളളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ക്ക് മൂന്ന് ആനകളെ പങ്കെടുപ്പിക്കാന്‍ പ്രത്യേക അനുമതി തേടി ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കാനും ദേവസ്വം തീരുമാനിച്ചു. ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐഎഎസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന  ദേവസ്വം ഭരണസമിതിയുടെ അടിയന്തിര യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. 

നേരത്തെ ആനയോട്ട ചടങ്ങിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാനാണ് ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ജില്ലാ ഭരണകൂടത്തിന് ദേവസ്വം കത്തും നല്‍കി. എന്നാല്‍ ഫെബ്രുവരി 10ന് തൃശൂര്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിട്ടറിങ്ങ് കമ്മിറ്റി യോഗത്തില്‍, ജില്ല  ബി കാറ്റഗറിയില്‍ ആയതിനാല്‍ ആചാരപരമായ ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്തേക്ക് ഒരു ആനയെ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. 

ഈ സാഹചര്യത്തില്‍ ജില്ലാ മോണിട്ടറിങ്ങ് സമിതിയുടെ തീരുമാനത്തിനുസൃതമായി ഒരു ആനയെ മാത്രം ആനയോട്ടത്തിന് പങ്കെടുപ്പിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 22 ന് നടക്കുന്ന പള്ളിവേട്ട എഴുന്നളളിപ്പിനും 23ന് നടക്കുന്ന ഉത്സവ ആറാട്ടിലും മൂന്നു ആനകളെ പങ്കെടുപ്പിക്കാന്‍ പ്രത്യേക അനുമതി തേടി ജില്ലാ ഭരണകൂടത്തിന് ദേവസ്വം കത്തും നല്‍കും.  ഈ ചടങ്ങുകളില്‍ ആനകള്‍ പ്രദക്ഷിണം വെക്കുന്നത് ക്ഷേത്ര മതില്‍ക്കെട്ടിനോട് ചേര്‍ന്ന, ക്ഷേത്ര ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടിയായതിനാല്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഭക്തജനങ്ങളെ നിയന്ത്രിച്ച് പളളിവേട്ട, ആറാട്ട് ചടങ്ങുകള്‍ നടത്താനാകുമെന്ന കാര്യവും കത്തില്‍ ജില്ലാ ഭരണ കൂടത്തെ അറിയിക്കും.

ഫെബ്രുവരി 14 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ആനയോട്ട ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാനുള്ള ആനയെ നേരത്തെ തെരഞ്ഞെടുത്ത ആറു ആനകളില്‍ നിന്ന് നറുക്കിട്ടെടുക്കും.