കൂട്ടുകാരന്റെ പുതിയ ബൈക്ക് ഓടിക്കാനെടുത്തു, നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 12th February 2022 08:39 AM  |  

Last Updated: 12th February 2022 08:39 AM  |   A+A-   |  

plus one students died in an ACCIDENT

പ്രതീകാത്മക ചിത്രം

 

കൊച്ചി; ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മരിച്ചു. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ റെബിൻ (17), മുട്ടിനകം കാട്ടിൽ  വൈഷ്ണവ് (17) എന്നിവരാണ് മരിച്ചത്. എറണാകുളം വരാപ്പുഴയിൽ ഇന്നലെ വൈകിട്ടു 4.30 നാണ് സംഭവം. കൂട്ടുകാരന്റെ പുതിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

കൂട്ടുകാരൻ പുതിയ ബൈക്ക് വാങ്ങിയത് അറിഞ്ഞ് ക്ലാസു കഴിഞ്ഞ് ബൈക്ക് കാണാൻ പോയതാണ് ഇരുവരും. കടമക്കുടിയിൽനിന്ന് ചരിയംത്തുരുത്ത് ഭാഗത്തേക്കു പോകവേ പുതുശ്ശേരി പാലത്തിനു സമിപമുള്ള വളവിൽ മരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കടമക്കുടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് റെബിൻ. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വണ്ണിന് പഠിക്കുകയാണ് വൈഷ്ണവ്. വരാപ്പുഴ പൊലീസ് കേസെടുത്തു.