ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു, പിന്നാലെ ദേഹാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ആശുപത്രിയിൽ; ഹണിട്രാപ് കേസിൽ യുവതി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2022 11:52 AM  |  

Last Updated: 12th February 2022 11:53 AM  |   A+A-   |  

honeytrap_case

റിൻസിന

 

കൊച്ചി: കൊച്ചിയിൽ ഹണിട്രാപ് കേസിൽ യുവതി അറസ്റ്റിൽ. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഫോർട്ട്‌കൊച്ചി സ്വദേശിനി റിൻസിന അറസ്റ്റിലായിരിക്കുന്നത്. ആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോകുകയും ഹോട്ടലുടമയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയാണ് തട്ടിപ്പ് നടത്തിയത്. ആശുപത്രിയിലെത്തിയ ഹോട്ടലുടമയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന പണവും തിരിച്ചറിയൽ രേഖകളും തട്ടിയെടുത്തശേഷം മർദ്ദിച്ചു. ഇതിന്റെ വിഡിയോ പ്രതികൾ തന്നെ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. റിൻസിനയും കാമുകനും മറ്റൊരു സുഹൃത്തും ചേർന്ന് വീണ്ടും പണം തട്ടാൻ ശ്രമിച്ചതോടെയാണ് ഹോട്ടലുടമ പൊലീസിൽ വിവരമറിയിച്ചത്. 

റിൻസിന മുൻപും ഹണിട്രാപ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം മാത്രം റിൻസിനയ്‌ക്കെതിരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ റിൻസിന ഗർഭിണിയാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.