'നേതൃത്വത്തെ നോക്കുകുത്തിയാക്കുന്നു; നയപരമായ കാര്യങ്ങള്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കുന്നു;  ചെന്നിത്തലയ്ക്ക് എതിരെ കെപിസിസി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 13th February 2022 12:49 PM  |  

Last Updated: 13th February 2022 12:49 PM  |   A+A-   |  

ramesh chennithala

രമേശ് ചെന്നിത്തല‌/ഫയല്‍


തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ കെപിസിസി നേതൃത്വം. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങളാണ് രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതെന്നാണ് നേതൃത്വത്തിന്റെ വിമര്‍ശനം. നയപരമായ തീരുമാനങ്ങള്‍ ചെന്നിത്തല പ്രഖ്യാപിക്കുന്നതിലുള്ള അതൃപ്തി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അറിയിക്കും.

നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനവും മന്ത്രി ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടില്‍ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ട്. ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തിലും സര്‍വകലാശാല വിസി വിവാദത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും ചെന്നിത്തല എടുത്ത നിലപാടുകളിലേക്ക് പാര്‍ട്ടി വന്നുചേരേണ്ട സാഹചര്യമുണ്ടായി.

രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദം പുറത്തുകൊണ്ടുവന്നതും ചെന്നിത്തല ആയിരുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ചെന്നിത്തല ഈ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നാണ് നേതാക്കളുടെ ആരോപണം.