പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു, കയ്യിലെടുത്തോടി നാനൂറ് മീറ്റര്‍; രക്ഷകനായി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍

പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി രക്ഷാപ്രവര്‍ത്തനം നടത്തി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി രക്ഷാപ്രവര്‍ത്തനം നടത്തി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍.  കോഴിക്കോട് ചാലിയം ചാലിയപ്പാടം പാറക്കാപ്പറമ്പില്‍ പി പി മുഹമ്മദ് അലിയെയാണു (46) കോണ്‍സ്റ്റബിള്‍ സുനില്‍ കെ ബാബു രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകിട്ട് നാലിന് എറണാകുളം സൗത്ത് സ്റ്റേഷനിലാണു സംഭവം.ഏറനാട് എക്‌സ്പ്രസ് നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കെത്തിയപ്പോഴാണ് ഒരാള്‍ നിലത്തു വീണു കിടക്കുന്നുവെന്ന വിവരം സുനിലിനു ലഭിച്ചത്. ഉടന്‍ സ്ഥലത്തേക്കു പാഞ്ഞെത്തിയപ്പോള്‍ നിലത്ത് കിടക്കുന്ന മുഹമ്മദ് അലിയെയാണ് കണ്ടത്. അടുത്തുചെന്നു വിവരം തിരക്കിയപ്പോള്‍ നെഞ്ചുവേദനിക്കുന്നുവെന്നു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ഉടന്‍ തന്നെ ബോധം മറയുകയും ചെയ്തു.

സിപിആര്‍ നല്‍കിയെങ്കിലും തുടര്‍ന്നു പ്രധാന കവാടം വരെയെത്തിക്കാനുള്ള വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ അടുത്തെങ്ങുമുണ്ടായിരുന്നില്ല. ഇതോടെ മുഹമ്മദിനെ കയ്യിലെടുത്തുയര്‍ത്തി സുനില്‍ ഓടാന്‍ തുടങ്ങി. ഇടയ്ക്കു ഭാരം താങ്ങി മുന്നോട്ടു നീങ്ങാന്‍ വയ്യാതായതോടെ മുഹമ്മദിനെ തന്റെ നെഞ്ചിലേക്കു ചാരിക്കിടത്തിയായി ഓട്ടം.

നാനൂറു മീറ്ററോളം ഓടി പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും ആംബുലന്‍സും സ്ഥലത്തെത്തി. ഇതില്‍ മുഹമ്മദിനെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മുഹമ്മദ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com