സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനെത്തി, ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി ഇടുക്കി ജലാശയത്തില്‍ വീണു; പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇടുക്കി ജലാശയത്തില്‍ വീണ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കട്ടപ്പന:  സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇടുക്കി ജലാശയത്തില്‍ വീണ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. എറണാകുളം കാക്കനാട് പനച്ചിക്കല്‍ ഷാജഹാന്റെ മകള്‍ ഇഷ ഫാത്തിമ(17) ആണ് മരിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് എത്തിയ ഒന്‍പതംഗ സംഘത്തില്‍പെട്ട ഏഴു വിദ്യാര്‍ഥിനികളാണ് ഫോട്ടോയെടുക്കുന്നതിനിടെ ഇടുക്കി ജലാശയത്തില്‍ അകപ്പെട്ടത്. ഇവരില്‍ ആറു പേരെ പ്രദേശവാസികള്‍ രക്ഷിച്ചു.

എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മദിനാഘോഷത്തിന് സഹപാഠികളായ നാലു പേരും ഇവരുടെ രണ്ടു സഹോദരിമാരും ഒരാളുടെ സഹോദരനും ഉള്‍പെടെ 9 പേര്‍ രാവിലെയാണ് വാഴവരയ്ക്കു സമീപം കൗന്തിയിലെ റിസോര്‍ട്ടില്‍ എത്തിയത്. തുടര്‍ന്ന് രണ്ടു കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് ഇടുക്കി ജലാശയത്തിന്റെ ഭാഗത്ത് എത്തി. സ്ഥലവാസിയായ അഭിലാഷിനെയും(അശോകന്‍) ഒപ്പം കൂട്ടിയായിരുന്നു യാത്ര.

ജലാശയത്തിനു സമീപമെത്തിയ സംഘം വെള്ളത്തിലിറങ്ങി ഫോട്ടോയെടുക്കാന്‍ തുടങ്ങി. ഇതിനിടെ ഒരു പെണ്‍കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പെടുകയുമായിരുന്നു. അല്‍പം അകലെ മാറിനിന്നിരുന്ന അഭിലാഷ് നിലവിളികേട്ട് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

സനലിന്റെയും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരന്റെയും സഹായത്തോടെ ആറു പെണ്‍കുട്ടികളെ രക്ഷിച്ച് കരയ്ക്കു കയറ്റി. എല്ലാവരെയും രക്ഷിച്ചെന്ന് കരുതി കരയ്ക്കു കയറിയശേഷമാണ് ഇഷയെ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. അഭിലാഷ് വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ നാട്ടുകാരെയും അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു.തിരച്ചിലിന് ഒടുവില്‍ വൈകിട്ട് 3 മണിയോടെയാണ് കുറച്ചകലെ നിന്ന് ഇഷയുടെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന മേഖലയിലേക്ക് വാഹനം എത്താത്തതിനാല്‍ അഗ്‌നിരക്ഷാ സേനയുടെ ബോട്ടില്‍ അഞ്ചുരുളിയില്‍ എത്തിച്ചശേഷം ജീപ്പിലാണ് മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്.

വാഴക്കാല നവനിര്‍മാണ്‍ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ഇഷ. സഹപാഠികള്‍ക്കൊപ്പം രാവിലെയാണ് വീട്ടില്‍നിന്ന് പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com