നിയന്ത്രണങ്ങളില്‍ നിന്ന് പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍; പരിശോധന കടുപ്പിച്ച് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 07:41 AM  |  

Last Updated: 01st January 2022 07:41 AM  |   A+A-   |  

new year eve celebration in kochi

കൊച്ചിയിലെ പുതുവത്സരാഘോഷം/ഫോട്ടോ: പിടിഐ

 

തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ നിന്ന് പുതുവത്സരം ആഘോഷിച്ച് മലയാളികൾ. രാത്രി കർഫ്യു ആരംഭിച്ച പത്ത് മണിയോടെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങൾക്കും കടിഞ്ഞാൺ വീണു. 

ആൾക്കുട്ടമില്ലാതെയാണ് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി പുതുവർഷം പുലർന്നത്. പൊലീസ് കർശനമായ പരിശോധനയാണ് പ്രധാന കേന്ദ്രങ്ങളിലെല്ലാം നടത്തിയത്.  പപ്പാഞ്ഞിയില്ലാതെ ആണ് കൊച്ചിയിൽ ഇക്കൊല്ലവും പുതുവത്സരാഘോഷം.  കൊച്ചി കാർണിവലും പേരിന് മാത്രമായി ഒതുങ്ങി.  

ഫോർട്ട് കൊച്ചി ബീച്ചിലും സന്ദർശകർ കുറഞ്ഞു

കനത്ത നിയന്ത്രണങ്ങളുളളതിനാൽ‌ പുതുവത്സര രാവിൽ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ പറുദീസയായ ഫോർട്ട് കൊച്ചി ബീച്ചിലും സന്ദർശകർ കുറവായിരുന്നു. 10 മണി കഴിഞ്ഞതോടെ ബീച്ചും പരിസരവും കാലിയായി. വിലക്ക് ലംഘിച്ച് ഡിജെ പാർട്ടികൾ നടത്താതിരിക്കാൻ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

കോഴിക്കോട് പരിശോധന കടുപ്പിച്ച് പൊലീസ്‌

9.30 വരെ മാത്രമായിരുന്നു കോഴിക്കോട് ആഘോഷങ്ങൾക്ക് അനുമതി. ഒൻപത് മണിമുതൽ നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി. കോഴിക്കോട് നഗരത്തിൽ ഏഴ് കേന്ദ്രങ്ങളിൽ പൊലിസ് പരിശോധന രാത്രിയിലും തുടരും. ഹോട്ടലുകളും ബാറുകളും ഒൻപത് മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. 

തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളിലെല്ലാം 10 മണിയോടെ തന്നെ ആഘോഷങ്ങൾ അവസാനിപ്പിച്ചു. ആഘോഷ കേന്ദ്രങ്ങളായ കോവളത്തും വർകലയിലും വൈകുന്നേരം നല്ല തിരക്കുണ്ടായി. എന്നാൽ എട്ടരയോടെ ഉന്നത പോലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തി മുഴുവൻ ആളുകളേയും ബീച്ചിൽ നിന്നും ഒഴിപ്പിച്ചു.