'ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും'; യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ട്രോളിലൂടെ ന്യായീകരിച്ച് പൊലീസ്, വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 10:46 PM  |  

Last Updated: 05th January 2022 10:46 PM  |   A+A-   |  

maveli express incident

യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യം, കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

 

കോഴിക്കോട്: ഒന്നിന് പിറകേ ഒന്നായി നിരവധി വിവാദ സംഭവങ്ങള്‍ ഉണ്ടായിട്ടും കേരള പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ഒരുതരത്തിലും മാറ്റം വരാത്തതില്‍ നാടുമുഴുവന്‍ വിമര്‍ശനം ശക്തമാണ്. മാവേലി എക്സ്പ്രസിലെ യാത്രക്കാരനോടുള്ള ക്രൂരതയാണ് ഒടുവിലത്തേത്. മാവേലി എക്സ്പ്രസിലെ ക്രൂരതയെ ന്യായീകരിച്ച് പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പിട്ടു. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ ഒരു മീം ഷെയര്‍ ചെയ്താണ് പൊലീസ് സംഭവത്തെ ന്യായീകരിച്ചത്. സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കകം കുറിപ്പ് പിന്‍വലിച്ചു. 

'അല്ലയോ മഹാനുഭാവ. താങ്കള്‍ എന്തിനാണ് ഇത്തരം കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത് എന്ന് കുറ്റവാളികളോട് ചോദിക്കാണോ. ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും,'-എന്ന് നിവിന്‍ പോളിയുടെ കഥാപാത്രമായ എസ് ഐ ബിജു ചോദിക്കുന്ന സീനാണ് പൊലീസ് പങ്കുവെച്ചത്.ചിത്രത്തിന്റെ തുടര്‍ രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കേണ്ട എന്ന ഉപദേശവും ഷെയര്‍ ചെയ്ത മീമിനൊപ്പം പൊലീസ് നല്‍കിയിരുന്നു.

'ആദ്യ മീം സൈലന്റ്. രണ്ടാമത്തേത്: ഞങ്ങള്‍ ഞങ്ങളുടെ കര്‍ത്തവ്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കും,' -എന്നാണ് വിവാദ മീമിന് ആമുഖമായി നല്‍കിയത്. പൊലീസിനെതിരെ പരാതിയില്ലെന്ന് മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദനത്തിനിരയായ യാത്രക്കാരന്‍ ഷമീര്‍ പറഞ്ഞതിന് പിന്നാലെയാണ് ഈ ട്രോള്‍ എന്നതും ശ്രദ്ധേയമാണ്. ട്രോളിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പേജില്‍ നിന്ന് കുറിപ്പ് പിന്‍വലിച്ചത്.