ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി, സ്ഥിരം മദ്യപനെന്ന് പൊലീസ്

ബിന്ദു അമ്മിണിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് വ്യക്തമാക്കി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കോഴിക്കോട്; സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽവച്ച് ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ സ്ഥിരം മദ്യപാനിയാണ്. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബിന്ദു അമ്മിണിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമം കോഴിക്കോട് ബീച്ചിൽ വച്ച്

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കോഴിക്കോട് നോർത്ത്  ബീച്ചിൽ വച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നത്. ഇതിന്റെ വിഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ വണ്ടി ഓടിക്കാനറിയാത്ത താനെങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേക്ക് എത്തുന്നതെന്നാണ് ബിന്ദു അമ്മിണി ചോദിക്കുന്നത്.

ആർഎസ്എസ്സുകാരനെന്ന് ബിന്ദു അമ്മിണി

ആർഎസ്എസ്സുകാരനാണ് ആക്രമിയെന്നും ഇയാളെ സംരക്ഷിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവർ ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് എത്തിയതെന്നും ബിന്ദു അമ്മിണി പറഞ്ഞു.  താൻ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. 

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗയ്ക്കൊപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടർന്ന് ബിന്ദു അവർക്കെതിരെ പരാതി നൽകിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിനു പകരം പൊലീസ് സംരക്ഷണം പിൻവലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com