മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി എട്ട്

സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എഞ്ചിനുകള്‍ക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതല്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനുവരി 16ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളില്‍ വെച്ച് നടത്തുന്നതാണെന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. യോഗ്യമായ എല്ലാ വള്ളങ്ങളും അന്നേ ദിവസം 9 തീരദേശ ജില്ലകളിലെയും നിശ്ചിത പരിശോധന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരായി സംയുക്ത പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. 

സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എഞ്ചിനുകള്‍ക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതല്ല . കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു യാനത്തോടൊപ്പം ഒരാള്‍ക്ക് മാത്രമേ പരിശോധന കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളു. 10 വര്‍ഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകള്‍ പരിശോധനക്ക് ഹാജരാക്കാവുന്നതാണ്. 

പരിശോധനക്ക് ഹാജരാക്കുന്ന യാനങ്ങള്‍ക്കും എഞ്ചിനുകള്‍ക്കും രജിസ്‌ട്രേഷന്‍, മത്സ്യബന്ധന ലൈസന്‍സ്, FIMS (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ടു എഞ്ചിനുകള്‍ക്കു മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. അപേക്ഷ ഫാറം ജില്ലകളിലെ മത്സ്യഭവനുകള്‍, മത്സ്യഫെഡ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ ഡോക്യുമെന്റുകള്‍ സഹിതം ജനുവരി 8 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി അതാതു മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com