പിടി തോമസിന് ഒരു കോടിക്കടുത്ത് കടബാധ്യത, പാർട്ടി ഏറ്റെടുക്കണമെന്ന് ആവശ്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2022 08:08 AM |
Last Updated: 06th January 2022 08:22 AM | A+A A- |

പിടി തോമസ്/ഫെയ്‌സ്ബുക്ക്
കൊച്ചി; അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന് ഒരു കോടിക്കടുത്ത് കടബാധ്യത. 75 ലക്ഷത്തിനും ഒരു കോടിക്കും അടുത്താണ് കടബാധ്യതയുള്ളത്. ഇത് പാർട്ടി ഏറ്റെടുക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.
കടം പാർട്ടി ഏറ്റെടുത്താൽ കുടുംബത്തിന് സഹായമാകും
പിടിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനു ചെയ്യാവുന്ന ഏറ്റവും വലിയ സഹായം. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും പാർട്ടി ഏറ്റെടുക്കണം- ഡൊമിനിക് പ്രസന്റേഷൻ വ്യക്തമാക്കി.
ഡൊമിനിക് പ്രസന്റേഷന് എതിരെ കെ ബാബു എം രംഗത്തെത്തി. പിടി തോമസിന്റെ സാമ്പത്തിക ബാധ്യത കുടുംബം പരിഹരിക്കുമെന്നും അതിൽ പാർട്ടി ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് ബാബു പറഞ്ഞത്. പിടി തോമസിന്റെ കുടുംബത്തെ വേദനിപ്പിക്കുന്ന നടപടിയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
57.31 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് സത്യവാങ്മൂലം
57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിടി തോമസ് അറിയിച്ചിരുന്നു. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ഇനങ്ങളിലാണ് ഇത്. കൂടാതെ ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നു വിട്ടുകിട്ടാൻ 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന ഇനത്തിലും ബാധ്യതയുണ്ട്. എംഎൽഎ ഓഫിസിന്റെ വാടക ഇനത്തിൽ 18 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.